
സംസ്ഥാനത്ത് ഗാർഹിക പാചകവാതക വിതരണത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ജി ആർ അനിൽ
- നിലവിൽ 18 ദിവസത്തേക്ക് ആവശ്യമായ 14,536 ഗാർഹിക സിലിണ്ടറുകൾ വിതരണത്തിനായി സ്റ്റോക്ക് ചെയ്തിട്ടുണ്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് ഗാർഹിക പാചകവാതക വിതരണത്തിൽ നിലവിൽ തടസ്സങ്ങളില്ലെന്നും ഉപഭോക്താക്കൾക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. നിലവിൽ 18 ദിവസത്തേക്ക് ആവശ്യമായ 14,536 ഗാർഹിക സിലിണ്ടറുകൾ വിതരണത്തിനായി സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഗാർഹിക മേഖലയിലെ വിതരണം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് ഗാർഹികേതര സിലിണ്ടറുകളുടെ ക്ഷാമം അതീവ രൂക്ഷമായി തുടരുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഈ സാഹചര്യം പരിഗണിച്ചു മുൻഗണനാ അടിസ്ഥാനത്തിലായിരിക്കും ഗാർഹികേതര സിലിണ്ടറുകളുടെ വിതരണം ഇനി മുതൽ നടപ്പിലാക്കുക. നിലവിൽ മൊത്തം വിതരണത്തിന്റെ 20 ശതമാനം മാത്രമാണ് ഗാർഹികേതര ആവശ്യങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്നത്.
CATEGORIES News
