
സംസ്ഥാനത്ത് നെല്ലുസംഭരണം ഇന്ന് തുടങ്ങും
- മില്ലുടമകളുമായി സർക്കാർ ധാരണയിലെത്തിയെന്ന വിവരമാണ് പുറത്തുവരുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് നെല്ലുസംഭരണം ഇന്ന് തുടങ്ങും. രണ്ട് മില്ലുടമകളുമായി സർക്കാർ ധാരണയിലെത്തിയെന്ന വിവരമാണ് പുറത്തുവരുന്നത്. കുട്ടനാട്ടിലും തൃശൂരിലും ഉടൻ സംഭരണം തുടങ്ങും. മറ്റ് മില്ലുടമകളുമായി ചർച്ച തുടരുന്നെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.ഭക്ഷ്യ- കൃഷി വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. സംസ്ഥാനത്തെ വളരെ വലിയൊരു പ്രതിസന്ധിയാണ് നിലനിൽക്കുന്നത്.

മില്ലുടമകളുടെ സംഘടനകൾ പല ആവശ്യങ്ങളുന്നയിച്ച് സംഭരണത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. കൊയ്ത നെല്ല് കരയ്ക്ക് കയറ്റിയിട്ട് കണ്ണീർക്കഥകളാണ് നെൽക്കർഷകർക്ക് പറയാനുള്ളത്.ഇന്ന് ഭക്ഷ്യമന്ത്രിയും കൃഷിമന്ത്രിയും വകുപ്പ് ഉദ്യോഗസ്ഥരുമായി യോഗം ചേരുകയും ഇതിന് പരിഹാരമെന്നോണം സംഘടനകളെ ഒഴിവാക്കി മില്ലുടമകളുമായി നേരിട്ട് ചർച്ച നടത്തി പ്രശ്നപരിഹാരത്തിനാണ് സർക്കാർ ആലോചിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ശ്രമം നടന്നിരുന്നു.ചില മില്ലുടമകൾ താത്പര്യം അറിയിച്ചിട്ടുണ്ടെന്നാണ് ഭക്ഷ്യവകുപ്പ് വൃത്തങ്ങൾ അറിയിക്കുന്നത്. രണ്ട് മില്ലുടമകൾ നെല്ലെടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. തൃശ്ശൂരും കുട്ടനാടും ഇന്ന് തന്നെ സംഭരണം തുടങ്ങിയേക്കും. ഇന്ന് ഉച്ചക്ക് ശേഷവും ചർച്ച തുടരുകയാണ്.
