
പ്രാണാ-കലാ ഉപാസനാ പുരസ്കാരം- സന്തോഷ് കൈലാസിന്
- ബഹറിനിലെ സോപാനം വാദ്യകലാസംഘം കലാ പരിശീലന കേന്ദ്രത്തിൻ്റെ സ്ഥാപക ഡയറക്ടറാണ് സന്തോഷ് കൈലാസ്
- കേരള സർക്കാറിൻ്റെ സംസ്ഥാന ക്ഷേത്രകലാ പുരസ്കാരമടക്കം നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്
പ്രാണാ- കലാ ഉപാസനാ പുരസ്കാരം പ്രശസ്ത വാദ്യകലാകാരൻ സന്തോഷ് കൈലാസിന്. കേരളീയ മേളകലകളേയും, തനത് സംഗീതമായ സോപാനസംഗീതത്തേയും പ്രചരിപ്പിക്കുന്നതിന് വേണ്ടി പ്രയത്നിക്കുന്ന കലാകാരനാണ് സന്തോഷ്. പ്രാണാ രണ്ടാം വാർഷിക വേദിയിൽ ഗുരുവായൂർ ക്ഷേത്രം മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വെച്ച് മെയ് 26 ന് വൈകീട്ട് 4.30 ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും.
ബഹറിനിലെ സോപാനം വാദ്യകലാസംഘം എന്ന കലാ പരിശീലന കേന്ദ്രത്തിൻ്റെ സ്ഥാപക ഡയറക്ടറാണ് സന്തോഷ് കൈലാസ്. കേരള സർക്കാറിൻ്റെ സംസ്ഥാന ക്ഷേത്രകലാ പുരസ്കാരമടക്കം നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
30 വർഷമായി വാദ്യകലാരംഗത്ത് പ്രവർത്തിക്കുന്ന സന്തോഷ് കൈലാസ് കാഞ്ഞിലശ്ശേരി പത്മനാഭന്റെ ശിക്ഷണത്തിൽ ആണ് ചെണ്ടയും തിമിലയും അഭ്യസിച്ച് വാദ്യകലയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് സദനം വാസുദേവൻ്റെ കീഴിൽ ചെണ്ടയിൽ നിലാവഭ്യാസവും ഉപരിപഠനവും നടത്തി. കൂടാതെ തിച്ചൂർ മോഹനൻ്റെ കീഴിൽ ഇടയ്ക്കയിലും, അമ്പലപ്പുഴ വിജയകുമാറിന്റെ കീഴിൽ സോപാനസംഗീതത്തിലും പരിശീലനം നേടുകയും ചെയ്തു. 2009-ൽ ബഹറിനിൽ സോപാനം വാദ്യകലകളുടെ പഠനത്തിനും പ്രചരണത്തിനുമായി വാദ്യകലാസംഘം സ്ഥാപിച്ചു. കേരളത്തിലും വിദേശത്തുമായി 600-ല്‍ പരം ശിഷ്യൻമാർ സന്തോഷ് കൈലാസിനുണ്ട്.
ഇന്ത്യക്ക് പുറത്ത് നടക്കുന്ന ഏറ്റവും വലിയ വാദ്യോത്സവമായ സോപാനം വാദ്യസംഗമത്തിന് സന്തോഷ് നേതൃത്വം നൽകുന്നു. ഭാരതമേള പരിക്രമം, സോപാനസംഗീത പരിക്രമം എന്നീ പേരുകളിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രധാന ക്ഷേത്രങ്ങളിൽ സോപാന പരിക്രമയാത്രകൾക്ക് സന്തോഷ് നേതൃത്വം നൽകി വരുന്നു. 72-ാമത് റിപ്പബ്ലിക്ദിന പരേഡിൽ കേരളത്തെ പ്രതിനിധീകരിച്ച് വാദ്യമേളം അവതരിപ്പിച്ചിരുന്നു.
പ്രിയ മുദ്ര, ”പത്മപതക്കം – സുവർണ്ണ മുദ്ര”, ഡൽഹി പഞ്ചവാദ്യ ട്രസ്റ്റിൻ്റെ “പ്രവാസി കലാചാര്യ പുരസ്കാരം”, കേരള സർക്കാരിൻറെ ”സംസ്ഥാന ക്ഷേത്രകലാ പുരസ്കാരം”, തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിൽ നിന്ന് പട്ടും, വളയും ”മേളകലാരത്നം” എന്ന സ്ഥാനപ്പേരും, കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം “നാദജ്യോതി” പുരസ്കാരം, ശ്രീ മുത്തപ്പൻ സേവാസംഘത്തിൻ്റെ ”കലാശ്രേഷ്ഠ പുരസ്കാരം”, ധ്വനി സ്കൂൾ ഓഫ് മ്യൂസിക്സിൻ്റെ ”ധ്വനി അവാർഡ്”, വേൾഡ് മലയാളി കൗൺസിലിൻ്റെ “മേളാചാര്യ പുരസ്കാരം, പൂക്കാട് കലാലയത്തിൻ്റെ ”കീർത്തി” ആദരവ്, തൃശൂർ വാദ്യ ഗുരുകുലത്തിൻ്റെ”ഗുരുപ്രഭ” ആദരവ് തുടങ്ങി നിരവധി പുരസ്കാരങ്ങളും, ആദരവുകളും ലഭിച്ചിട്ടുണ്ട്. കൂടാതെ വാദ്യസംഗമങ്ങൾ, മേളോത്സവങ്ങൾ, മേളാർച്ചന യാത്ര, സോപാനസംഗീതാർച്ചന യാത്ര, സാദരം ശ്രീപത്മനാഭം ( വീരശൃംഖല സമർപ്പണം) തുടങ്ങിയ ശ്രദ്ധേയമായ പരിപാടികളുടെ സംഘാടകൻ കൂടിയാണ് സന്തോഷ് കൈലാസ്.