
സമാധി വിവാദം ; ഗോപൻ സ്വാമിയുടെ മൃതദേഹം പുറത്തെടുത്തു
- മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലെത്തിച്ചു
തിരുവനന്തപുരം : നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്തു. ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു.മൃതദേഹം അഴുകിയ നിലയിലാണെങ്കിൽ പോസ്റ്റ്മോർട്ടം സ്ഥലത്ത് വെച്ച് തന്നെ നടത്താമെന്നായിരുന്നു നേരത്തെയുണ്ടായ തീരുമാനം. അതിനാൽ ഫോറൻസിക് സർജൻ അടക്കം സംഘവും സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ അഴുകിയിട്ടില്ലാത്തതിനാൽ ഫോറൻസിക് സംഘം മടങ്ങി. കല്ലറയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹമുള്ളത് . മൃതദേഹത്തിന് ചുറ്റും ഭസ്മവും പൂജാ ദ്രവ്യങ്ങളും ഉണ്ട്. നെഞ്ച് ഭാഗം വരെ പൂജാദ്രവ്യങ്ങൾ നിറച്ച നിലയിലാണ് മൃതദേഹമുള്ളത്. പുറകിലുള്ള ഭിത്തി കോൺക്രീറ്റിലാണ് നിർമിച്ചിരിയ്ക്കുന്നത്.

കളക്ടറുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ രണ്ടു ദിവസം മുമ്പ് കല്ലറ പൊളിക്കാൻ ശ്രമിച്ചെങ്കിലും കുടുംബത്തിന്റെ പ്രതിഷേധത്തെ തുടർന്ന് പിൻമാറുകയായിരുന്നു. ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസിൽ അന്വേഷണം നടത്തുന്ന പൊലീസിന് കല്ലറ തുറന്ന് പരിശോധിക്കുന്നതിൽ തടസമില്ലെന്നായിരുന്നു കോടതി നിർദേശം.