സി.ബി.എസ്.ഇ ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു
- 10 വരെ അപേക്ഷിക്കാം
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സി.ബി.എസ്.ഇ.) സ്കൂളിൽനിന്ന് 2024-ൽ 70 ശതമാനം മാർക്കുവാങ്ങി പത്താംക്ലാസ് പാസായി, പ്ലസ്ട തലത്തിൽ സി.ബി.എസ്.ഇ. സ്കൂളിൽ തുടർന്നും പഠിക്കുന്ന ഒറ്റപ്പെൺകുട്ടികൾക്ക്, സി.ബി.എസ്.ഇ. മെറിറ്റ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.രക്ഷിതാക്കൾക്ക് ഒരു കുട്ടി മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. അത് പെൺകുട്ടിയായിരിക്കണം. ഈ വ്യവസ്ഥ തൃപ്തിപ്പെടുത്തുന്ന കുട്ടിയെ ‘ഒറ്റപ്പെൺകുട്ടി’യായി പരിഗണിക്കും. പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനുള്ള രക്ഷിതാക്കളുടെ ശ്രമങ്ങൾക്ക് പിന്തുണനൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.യോഗ്യത:ഇന്ത്യക്കാരായിരിക്കണം. 2024-ലെ സി.ബി.എസ്.ഇ. ക്ലാസ് 10 പരീക്ഷയിൽ കുറഞ്ഞത് 70 ശതമാനം മാർക്ക് നേടിയിരിക്കണം. ക്ലാസ് 11-ലെ പഠനം സി.ബി.എസ്.ഇ. അഫിലിയേഷനുള്ള സ്കൂളിലാകണം. പഠിക്കുന്ന സ്കൂളിലെ പത്താംക്ലാസ് പ്രതിമാസ ട്യൂഷൻ ഫീ 2500 രൂപ കവിയരുത്. 11, 12 ക്ലാസുകളിലെ പ്രതിമാസ ട്യൂഷൻ ഫീ 3000 രൂപയും കവിയരുത്.

രക്ഷിതാക്കളുടെ/കുടുംബത്തിന്റെ പ്രതിവർഷ വരുമാനം എട്ടുലക്ഷം രൂപ കവിയരുത്.ഇതുസംബന്ധിച്ച രക്ഷിതാവിന്റെ നോൺ-ജുഡീഷ്യൽ നോട്ടറൈസ്ഡ് സ്റ്റാമ്പ് പേപ്പറിൽ നൽകുന്ന സെൽഫ്- ഡിക്ളറേഷൻ അപേക്ഷയ്ക്കൊപ്പം ഓൺലൈനായി അപ്ലോഡ് ചെയ്യണം.എൻ.ആർ.ഐ.വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവരുടെ പ്രതിമാസ ട്യൂഷൻ ഫീസ് 6000 രൂപ കവിയരുത്. പത്താംക്ലാസിൽ 70 ശതമാനം മാർക്കുവാങ്ങിയ മറ്റു വ്യവസ്ഥകൾ തൃപ്തിപ്പെടുത്തുന്ന എല്ലാ ഒറ്റപ്പെൺകുട്ടികൾക്കും സ്കോളർഷിപ്പ് അനുവദിക്കും. പ്രതിമാസം 1000 രൂപ നിരക്കിൽ, രണ്ടുവർഷത്തേക്കാണ് ഇ.സി.എസ്./ എൻ.ഇ.എഫ്.ടി. വഴി സ്കോളർഷിപ്പ് അനുവദിക്കുക. സ്കൂൾ/മറ്റ് ഓർഗനൈസേഷനുകൾ നൽകുന്ന മറ്റുസൗജന്യങ്ങൾ ഈ സ്കോളർഷിപ്പിനൊപ്പം സ്വീകരിക്കാം.11-ാം ക്ലാസിൽ കുറഞ്ഞത് 70 ശതമാനം മാർക്കുനേടി പാസായി ക്ലാസ് 12-ലേക്ക് പ്രൊമോഷൻ ലഭിക്കുന്നവർക്ക് രണ്ടാം വർഷത്തിലും സ്കോളർഷിപ്പ് ലഭിക്കും. നല്ല സ്വഭാവം, ഹാജർ ആവശ്യകത എന്നിവയ്ക്കു വിധേയമാണിത്. തിരഞ്ഞെടുത്ത കോഴ്സ് പൂർത്തിയാകുമുൻപ് ഉപേക്ഷിക്കുക, കോഴ്‌സ്/സ്‌കൂൾ മാറുക തുടങ്ങിയ സാഹചര്യങ്ങളിൽ സ്കോളർഷിപ്പ് തുടരൽ/പുതുക്കൽ, സി.ബി.എസ്.ഇ. തീരുമാനത്തിനു വിധേയമായിരിക്കും. ഒരിക്കൽ റദ്ദാക്കപ്പെടുന്ന സ്കോളർഷിപ്പ് പുനഃസ്ഥാപിക്കുന്നതല്ല.വിശദമായ മാർഗനിർദേശങ്ങൾ, ഓൺലൈൻ അപേക്ഷയ്ക്കുള്ള ലിങ്ക് , https://www.cbse.gov.in- ലഭിക്കും (മെയിൻ വെബ് സൈറ്റ്>സ്കോളർഷിപ്പ് ലിങ്കുകൾ) അപേക്ഷ ജനുവരി 10-നകം നൽകണം. 2023-ൽ ഈ സ്കോളർഷിപ്പ് ലഭിച്ചവർക്ക് അത് പുതുക്കാൻ ഓൺലൈനായി അപേക്ഷ നൽകാം.