സ്വയം സ്വീകരിയ്ക്കുക, സ്വന്തം മരണം?

സ്വയം സ്വീകരിയ്ക്കുക, സ്വന്തം മരണം?

മരണം സ്വയം വരിക്കാമോ എന്നത് വലിയ ചർച്ചാവിഷയമാണ് പല രാജ്യങ്ങളിലും…

സ്വിറ്റ്സർലണ്ടിൽ നിന്ന് സണ്ണി എസ്തപ്പാൻ എഴുതുന്നു…

രാൾക്ക് മരിക്കാൻ സമയം അനുവദിച്ചു കിട്ടുക…!
ഇന്ന ദിവസം, ഇത്ര സമയത്ത് മരണത്തിനായി ഒരുങ്ങുക….!!
ആ കാത്തിരിപ്പിന്റെ സംതൃപ്‍തിയോ ആകുലതയോ എന്താകും ?

ഒരു മാസക്കാലത്തെ കാത്തിരിപ്പിന് ശേഷം മരിക്കാനുള്ള റജിസ്റ്ററുമായി ബന്ധപ്പെട്ടവർ എത്തുക. നിയമപ്രകാരം അവർ നൽകുന്ന മരുന്ന് പൂർണ്ണ സമ്മതത്തോടെ എടുത്തു കഴിക്കുക.
നിമിഷങ്ങൾക്കകം ബോധരഹിതരാകുക. ഏതാനും മിനിറ്റുകൾക്കുള്ളിൽ ജീവൻ നഷ്ടപ്പെടുക. കേൾക്കുമ്പോൾ തന്നെ ഒരു മരവിപ്പ് തോന്നും.

എന്നാൽ യഥാർത്ഥത്തിൽ സംഭവിക്കുന്നതാണ്. ഒരടുത്ത വ്യക്തിയ്ക്ക് സംഭവിച്ചതാണ്.അവർ സന്തോഷമായും മരണത്തെ വരിച്ചു. എന്നാൽ എന്നിൽ ആ സംഭവം
ആഴ്ചകളോളം തീരാവ്യഥ ഉണ്ടാക്കി.

ഒരു കണക്ക് അദ്ധ്യാപിക. വയസ് 51. അവിവാഹിത. അവർ അർബുദ രോഗിയായി. രോഗത്തോട് കുറെ നാൾ മല്ലിട്ടു. ജീവിതത്തോട് വിരക്തി തോന്നി. മരിക്കുന്നതാണ് തനിക്കു ഭേദമെന്നു തോന്നി.

അവർ തന്നെ മരണത്തിലേക്ക് നയിക്കാൻ ഔദ്യോഗികമായ ഒരു ഏജൻസിയെ
സമീപിച്ചു. അതിൽ രജിസ്റ്റർ ചെയ്തു.

സ്വിറ്റ്‌സർലാൻഡിൽ ജീവിച്ചിരിക്കാൻ താല്പര്യമില്ലാത്തവർക്കായ്, അവരെ
മരണത്തിലേക്ക് നയിക്കുന്ന രണ്ടു ഏജൻസികൾ ഔദ്യോഗികമായി പ്രവർത്തിക്കുന്നുണ്ട്. ഡിഗ്നിറ്റാസ്, എക്സിറ്റ് എന്ന പേരുകളിൽ.

ഒരു വർഷത്തിനുള്ളിൽ, അവർക്ക് പലതരം കൗൺസിലുകൾക്കൊടുവിൽ മരണം വരുന്നതിനായി ഒരു ദിവസം അനുവദിച്ചു. അത് ലഭിച്ചപ്പോൾ ( ആ മരണ വാറണ്ട്) മുതൽ ടീച്ചറിൽ സന്തോഷം വീണ്ടും ഉടലെടുത്തു. അവരുമായി സൗഹൃദത്തിലായിരുന്നവരിൽ – ഞാനടക്കം – എല്ലാവര്ക്കുംമരണ നിഴൽ ബാധിച്ച വിഷാദ വേദനയും.

ചിലരൊക്കെ ബൈബിൾ വായിച്ചും മറ്റും അവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. രോഗത്തെയും വ്യാധികളെയും വേദനകളെയും അതിജീവിച്ചു
മുന്നേറണമെന്നൊക്കെ പറയാൻ പലപ്പോഴും എനിക്കും തോന്നിയിട്ടുണ്ട്. പക്ഷെ മരണത്തെ പുൽകാനുള്ള അവരുടെ സന്തോഷം കാണുമ്പോൾ
നമ്മുക്ക് സംസാര ശേഷി നഷ്ടപ്പെടും.

സ്വന്തം പിതാവിനോടും സഹോദരിയോടും, സുഹൃത്തുക്കളോടും അവർ യാത്ര പറഞ്ഞു. എന്നോടും യാത്ര ചൊല്ലി. വേദനയിൽ പൊതിഞ്ഞ
ഒരു ചിരി ഞാനും അവർക്ക് നൽകി.

അടുത്ത ദിവസം അവർക്കുള്ള സമയമെത്തി. ബന്ധപ്പെട്ട പന്ത്രണ്ടോളം വിവിധ വകുപ്പ് അധികാരികളുടെയും ഡോക്റ്ററുടെയും സാനിധ്യത്തിൽ ടീച്ചറുടെ അചഞ്ചലമായ നിശ്ചദാർഢ്യത്തിൽ, അവർ നൽകിയ മരുന്ന്
സ്വന്തം ഇഷ്ടപ്രകാരം എടുത്തു കഴിച്ച്, ടീച്ചർ യാത്രയായി.

ടീച്ചറുടെ ജീവനറ്റ ശരീരം ദർശിക്കാൻ എനിക്കായില്ല. ഒരു മാസത്തോളം എന്റെ ചിന്തകളെ അവരും മരണവും നിർബാധം വേട്ടയാടിക്കൊണ്ടിരുന്നു..

ചലപ്പോഴൊക്കെ മരണങ്ങളും സന്തോഷകരമാണെന്ന് തോന്നും…!
പക്ഷെ അത് മരിക്കുന്നവർക്ക് മാത്രം….!!

(സ്വിറ്റ്സർലണ്ടിൽ
ആരോഗ്യ പ്രവർത്തകനാണ് സണ്ണി എസ്തപ്പാൻ)

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )