
എൽഡിഎഫ് പ്രകടനപത്രികയിൽ പറയുന്നതെല്ലാം നടപ്പിലാകും എന്നതാണ് ഗ്യാരണ്ടിയെന്ന് എം.വി ഗോവിന്ദൻ
എൽഡിഎഫ് മുന്നോട്ട് വെക്കുന്ന നിർദ്ദേശങ്ങൾ, ഫലപ്രദമായി ലഭ്യമാക്കുന്ന തരത്തിൽ കൈകാര്യം ചെയ്യും
എ
കണ്ണൂർ : എൽഡിഎഫ് പ്രകടനപത്രികയിൽ പറയുന്നതെല്ലാം നടപ്പിലാകും എന്നതാണ് ഗ്യാരണ്ടിയെന്നും നടപ്പാക്കുന്ന കാര്യങ്ങളെക്കുറിച്ച് ജനങ്ങൾക്ക് മുന്നിൽ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച ഇന്ത്യയിലെ ഏക സർക്കാരാണ് എൽഡിഎഫിന്റേ്റേതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർലമെന്റ് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലുമെല്ലാം കോൺഗ്രസും ബിജെപിയുമൊക്കെ കാലാകാലം പ്രകടനപത്രിക അവതരിപ്പിക്കാറുണ്ട്. അതൊന്നും നടപ്പിലാക്കുന്ന പരിപാടികളായിട്ടല്ല പ്രചാരണായുധമായാണ് ഉപയോഗിക്കുന്നതെന്ന് അവർതന്നെ പറഞ്ഞിടുള്ളതാണ് ഗരീബി ഹഠാവോ എന്ന് കോൺഗ്രസ് പതിറ്റാണ്ടുകളായി പറയുകയാണ്. ഒന്നും നടക്കുന്ന കാര്യമല്ല. പ്രകടന പത്രികയിലെ കാര്യങ്ങൾ യഥാർഥത്തിൽ നടപ്പിലാക്കുന്നത് കേരളത്തിലെ എൽഡിഎഫ് സർക്കാരാണെന്ന് ജനങ്ങൾക്ക് അറിയാം. എൽഡിഎഫ് മുന്നോട്ട് വെക്കുന്ന നിർദ്ദേശങ്ങൾ, ഫലപ്രദമായി ലഭ്യമാക്കുന്ന തരത്തിൽ കൈകാര്യം ചെയ്യും.നവകേരള പൂർത്തീകരണത്തിനായി ജനവിധി തേടുന്ന എൽഡിഎഫിന്റെ പ്രകടന പത്രികയിൽ, കഴിഞ്ഞ പത്തുവർഷത്തിനിടെ കേരളം കൈവരിച്ച പുരോഗതിയുടെ തുടർച്ചക്കുള്ള 60 ഇന പരിപാടിയും 950 നിർദേശങ്ങളുമാണുള്ളത്.

കോഴിക്കോട് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകടനപത്രിക പ്രകാശനം നിർവഹിച്ചു. എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ, സിപിഐ നേതാവ് കെ പ്രകാശ്ബാബു, കെ കൃഷ്ണൽകുട്ടി, എ കെ ശശീന്ദ്രൻ, സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം തുടങ്ങിയവർ പങ്കെടുത്തു. വികസനം, ക്ഷേമം എന്നിവക്കു പുറമെ നവലോകത്തെ അഭിമുഖീകരിക്കാൻ പുതിയ തലമുറയെ പ്രാപ്തരാക്കുന്നതിനുള്ള ഒട്ടേറെ പ്രഖ്യാപനങ്ങൾ പ്രകടന പത്രികയിലുണ്ട്. അഞ്ച് വർഷം കൊണ്ട് കേരളത്തെ വിജ്ഞാന സമൂഹമായി മാറ്റുമെന്ന് പ്രകടനപത്രിക പ്രഖ്യാപിക്കുന്നു. കേരളം പിന്നിട്ട വഴികൾ ഓർമിച്ചാണ് പ്രകടന പത്രിക ആരംഭിക്കുന്നത്. ഓരോ പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ട വിശദമായ കുറിപ്പ് അനുബന്ധമായി ചേർത്തിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷംകൊണ്ട് കേരളത്തിന് വിവിധ മേഖലകളിൽ ലഭിച്ച അംഗീകാരങ്ങളും പരാമർശിച്ചിട്ടുണ്ട്.
