ഒരു രൂപയ്ക്ക് ഷൂ ഓഫർ കടയ്ക്കു മുന്നിൽ സംഘർഷം; പോലീസ് കേസെടുത്തു

ഒരു രൂപയ്ക്ക് ഷൂ ഓഫർ കടയ്ക്കു മുന്നിൽ സംഘർഷം; പോലീസ് കേസെടുത്തു

  • ‘ട്രെൻഡ് ഫാക്ട്‌ടറി’ എന്ന സ്ഥാപനമാണ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഇത്തരമൊരു ഓഫർ മുന്നോട്ടുവെച്ചത്.

കോഴിക്കോട്: പഴയ ഒരുരൂപാ നോട്ടുമായി വരുന്ന ആദ്യ നൂറുപേർക്ക് ഷൂ സമ്മാനമായി നൽകുമെന്ന ഓഫറിന് പിന്നാലെ ചെരിപ്പ് കടയ്ക്ക് മുന്നിൽ വൻ തിക്കും തിരക്കും സംഘർഷവും. കോഴിക്കോട് മാനാഞ്ചിറയിലാണ് സംഭവം. ‘ട്രെൻഡ് ഫാക്ട്‌ടറി’ എന്ന സ്ഥാപനമാണ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഇത്തരമൊരു ഓഫർ മുന്നോട്ടുവെച്ചത്.ഓഫറിൽ ചെരിപ്പ് സമ്മാനം ലഭിക്കാൻ, ഉദ്ഘാടന ദിവസമായ ഞായറാഴ്ച പുലർച്ചെ മുതൽ പ്രായഭേദമന്യേ നിരവധി ആളുകൾ കടയുടെ പരിസരത്ത് എത്തിയതാണ് തിക്കിലുംതിരക്കിലും കലാശിച്ചത്. എത്തിയവരിൽ ഭൂരിഭാഗവും കുട്ടികളാണ്. രാവിലെ പത്തുമണിക്ക് എത്തണമെന്നായിരുന്നു ഓഫറിൽ പറഞ്ഞിരുന്നതെങ്കിലും പുലർച്ചെ രണ്ടുമണിയോടെ ആളുകളെത്തിത്തുടങ്ങി.

തിരക്ക് നിയന്ത്രിക്കാൻ കഴിയാതെവന്നതോടെ ഉടമകൾ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും ലാത്തിച്ചാർജ് ചെയ്യുകയും ചെയ്തു. കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഥാപനത്തിന്റെ ഉടമകൾ പോലീസ് കസ്റ്റഡിയിലാണ്.പഴയ ഒരു രൂപാ നോട്ടുമായി ആദ്യമെത്തുന്ന നൂറുപേർക്ക് ഷൂ സമ്മാനമായി നൽകുമെന്നും ശേഷമുള്ള നൂറുപേർക്ക് വാച്ച് നൽകുമെന്നുമായിരുന്നു വാഗ്ദാനം. ഇൻ സ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിലൂടെ ഇക്കാര്യം വ്യാപകമായി പ്രചരിച്ചതോടെ പലയിടത്തുനിന്നായി നിരവധിയാളുകൾ എത്തിച്ചേരുകയായിരുന്നു. പുലർച്ചെ ആദ്യം എത്തിച്ചേർന്ന കുറച്ചുപേർക്ക് ഷൂ നൽകി എന്നാണ് വിവരം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )