കേരളത്തിലെ ആധുനിക ചിത്രകലാ പ്രസ്ഥാനത്തിന്റെ പ്രചാരകൻ എം വി ദേവൻ മാഷുടെ പതിനൊന്നാം ഓർമ്മദിനം ആചരിച്ചു

കേരളത്തിലെ ആധുനിക ചിത്രകലാ പ്രസ്ഥാനത്തിന്റെ പ്രചാരകൻ എം വി ദേവൻ മാഷുടെ പതിനൊന്നാം ഓർമ്മദിനം ആചരിച്ചു

  • മയ്യഴിയിലെ മലയാള കലാഗ്രാമത്തിന്റെ സ്ഥാപകനും ഡയറക്ടറും ആയിരുന്നു.
  • കേരള സാഹിത്യ അക്കാമി അവാർഡ്, വയലാർ അവാർഡ് തുടങ്ങി നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചു.

കോഴിക്കോട്: പ്രമുഖ ചിത്രകാരനും ശില്പിയും വാസ്തുശില്പിയും എഴുത്തുകാരനും പ്രഭാഷകനും ആയിരുന്ന മഠത്തിൽ വാസുദേവൻ എന്ന
എം വി ദേവൻ മാഷുടെ പതിനൊന്നാം ഓർമ്മദിനം ആചരിച്ചു.
തലശ്ശേരിക്കടൂത്ത് പന്ന്യന്നൂർ (ചൊക്ലി) എന്ന ഗ്രാമത്തിലാണ് ദേവൻ മാഷ് ജനിച്ചത്; 1928 ജനുവരി 15-ന്. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം 1946 – ൽ മദ്രാസിൽ ചിത്രകല പഠിക്കുവാനായി പോയി. മദ്രാസ് സ്കൂൾ ഓഫ് ആർട്ട് ആന്റ് ക്രാഫ്റ്റ്സിൽ ഡി.പി. റോയ് ചൗധരി, കെ.സി.എസ്. പണിക്കർ തുടങ്ങിയവരുടെ കീഴിൽ ചിത്രകല‍ അഭ്യസിച്ചു.

ഈ ഗുരുനാഥന്മാരിൽ കെ.സി.എസ്. പണിക്കർ അദ്ദേഹത്തിന്റെ ജീവിതത്തെയും ചിത്രകലയെയും വലിയ അളവു വരെ സ്വാധീനിച്ചു. ഈ സമയത്ത് അദ്ദേഹം ചിന്തകനും എഴുത്തുകാരനുമായ എം. ഗോവിന്ദനുമായി പരിചയപ്പെട്ടു. എം.വി. ദേവന്റെ ജീവിത വീക്ഷണത്തിൽ ഈ കൂട്ടുകെട്ട് വലിയ മാറ്റങ്ങൾ വരുത്തി.

മദ്രാസിൽ നിന്ന് തിരിച്ചുവന്ന അദ്ദേഹം ‘മാതൃഭൂമി’ ദിനപത്രത്തിൽ മുഴുവൻ സമയ ചിത്രകാരനായി ജോലിയിൽ പ്രവേശിച്ചു. 1952 മുതൽ 1961 വരെ ‘മാതൃഭൂമി’യിൽ ജോലി ചെയ്തു. അതിനുശേഷം മദ്രാസിൽ തിരിച്ചുപോയി ‘സതേൺ ലാങ്ഗ്വജസ് ബുക്ക് ട്രസ്റ്റ്’ എന്ന സ്ഥാപനത്തിൽ കലാ ഉപദേഷ്ടാവായി ജോലിയിൽ പ്രവേശിച്ചു. ഇവിടെ 1961 മുതൽ 1962 വരെ ജോലിചെയ്തു.

മദ്രാസ് ലളിതകലാ അക്കാദമി (1962 മുതൽ 1968 വരെ), ന്യൂഡെൽഹി ലളിതകലാ അക്കാദമി (1966 മുതൽ 1968 വരെ), എഫ്.എ.സി.ടി. (ഫാക്ടിലെ കലാ ഉപദേഷ്ടാവായി, 1968 മുതൽ 1972 വരെ) എന്നിവിടങ്ങളിൽ അദ്ദേഹം തന്റെ സർഗ്ഗ സപര്യ തുടർന്നു. 1974 മുതൽ 1977 വരെ കേരള ലളിതകലാ അക്കാദമിയുടെ അദ്ധ്യക്ഷൻ ആയിരുന്നു.

വാസ്തുശില്പ മേഖലയിൽ ലാറി ബേക്കറുടെ അനുയായി. മയ്യഴിയിലെ മലയാള കലാഗ്രാമത്തിന്റെ സ്ഥാപകനും ഡയറക്ടറും ആയിരുന്നു.

മലയാളത്തിലെ ഭാവുകമാറ്റത്തിന്റെ ശഖൊലി മുഴക്കിയ ‘നവ സാഹിതി’ ‘ഗോപുരം’, ‘സമീക്ഷ’, ‘കേരള കവിത’, ‘ജ്വാല’ എന്നീ സാഹിത്യ പ്രസിദ്ധീകരണങ്ങളുമായി അദ്ദേഹം ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു.

‘ദേവസ്പന്ദനം’ ആണ് പ്രധാന കൃതി; അതിന് കേരള സാഹിത്യ അക്കാമി അവാർഡ്, വയലാർ അവാർഡ് തുടങ്ങി നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചു.

കേരളത്തിൽ ചിത്ര-ശില്പകലകൾക്ക് പുത്തൻ ഉണർവ് സൃഷ്ടിക്കുന്നതിൽ ദേവൻ മാസ്റ്റർ നല്കിയ സംഭാവനകൾ വളരെ വലുതാണ്. വാക്കുകളുടെ ശരിയായ അർത്ഥ വ്യാപ്തിയോടെ തന്നെ ഒരു ‘സാംസ്കാരിക നായകൻ’ തന്നെയായിരുന്നു അദ്ദേഹം.

2014 ഏപ്രിൽ 29-ന്, 87-ാം വയസ്സിൽ, അന്തരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )