
കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾക്ക് ക്ഷാമം; ഹൃദയശസ്ത്രക്രിയകൾ മാറ്റിവയ്ക്കുന്നു
- 34.90 കോടി രൂപ കുടിശികയായതോടെ വിതരണക്കാർ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിർത്തിയതാണ് പ്രതിസന്ധിക്ക് കാരണം
കോഴിക്കോട്: മെഡിക്കൽ കോളജിൽ ഉപകരണങ്ങളുടെ ക്ഷാമം കാരണം ഹൃദയശസ്ത്രക്രിയ നീട്ടിവെക്കുന്നു. മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളാണ് നീട്ടുവെക്കുന്നത്. 34.90 കോടി രൂപ കുടിശികയായതോടെ വിതരണക്കാർ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിർത്തിയതാണ് പ്രതിസന്ധിക്ക് കാരണം.മെഡിക്കൽ കോളജിലെ രണ്ട് കാത്ത് ലാബുകളിലായി ഒരുദിവസം 30 ഓളം ശസ്ത്രക്രിയ നടക്കുന്നയിടത് നിലവിൽ ചെയ്യുന്നത് അഞ്ചോ ആറോ എണ്ണം മാത്രം. ബലൂൺ, ഗൈഡ് വയറുകളുടെ ക്ഷാമം കാരണം രോഗികൾക്ക് ശസ്ത്രക്രിയാ തിയതി നീട്ടിനൽകുകയാണ് ഡോക്ടർമാർ.

താത്കാലിക പരിഹാരത്തിനായി മറ്റാശുപത്രികളിൽ നിന്നെത്തിച്ച ഉപകരണങ്ങളുടെ സ്റ്റോക്കും ഒരാഴ്ച കൊണ്ട് തീരുംതിരുവനന്തപുരം മെഡിക്കൽ കോളജ്, ബീച്ചാശുപത്രി എന്നിവിടങ്ങളിൽ നിന്നാണ് കാത്ത് ലാബിലേക്ക് ഉപകരണങ്ങൾ എത്തിച്ചത്. വിതരണക്കാർക്ക് ബീച്ചാശുപത്രിയിൽ നിന്നും ലഭിക്കാനുണ്ട് കോടി കണക്കിന് രൂപ. കുടിശിക ലഭിക്കാതെ മെഡിക്കൽ കോളജിൽ വിതരണം പുനരാരംഭിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വിതരണക്കാർ. മെഡിക്കൽ കോളജിലേക്ക് സ്റ്റോക്ക് മാറ്റിയതിനാൽ ബീച്ചാശുപത്രിയിലെ ശസ്ത്രക്രിയ പ്രതിസന്ധിയിലാവുമോയെന്ന ആശങ്കയും അധികൃതർക്കുണ്ട്.
