
ഗുജറാത്തിൽ വ്യാജ കോടതി പ്രവർത്തിച്ചത് അഞ്ച് വർഷം
- ഭൂമിത്തർക്ക കേസുകളാണ് ഇവിടെ തീർപ്പാക്കിയിരുന്നത്
അഹമ്മദാബാദ്: വ്യാജ സർക്കാർ സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും പേരിൽ തട്ടിപ്പുകൾ നടക്കാറുള്ള ഗുജറാത്തിൽ നിന്നും ഒരു വ്യത്യസ്ത തട്ടിപ്പ് വാർത്തയാണ് പുറത്തുവരുന്നത്. വ്യാജൻമാർ പലവിധമുണ്ടെങ്കിലും ഇത്തവണ ഒരു വ്യാജ കോടതി തന്നെയാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. യഥാർഥ കോടതിയുടേതിന് സമാനമായ കാര്യങ്ങളാണ് ഇവിടെ നടന്നിരുന്നത്. ജഡ്ജിയും ഗുമസ്തൻമാരും പരിചാരകരുമെല്ലാം ഈ കോടതിയിലുണ്ടായിരുന്നു. ഭൂമിത്തർക്ക കേസുകളാണ് ഇവിടെ തീർപ്പാക്കിയിരുന്നത്. സംഭവത്തിൽ മോറിസ് സാമുവൽ ക്രിസ്റ്റ്യൻ എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു.

ഇയാളായിരുന്നു ഈ കോടതിയിലെ ജഡ്ജി. ഇയാളുടെ ഗാന്ധി നഗറിലെ ഓഫീസാണ് കോടതിയാക്കി മാറ്റിയത്. നഗരത്തിലെ സിവിൽ കോടതികളിൽ തീർപ്പാകാതെ കിടന്നിരുന്ന ഭൂമിത്തർക്ക കേസുകളിലെ കക്ഷികളെ ബന്ധപ്പെട്ടായിരുന്നു സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ഇത്തരം കേസുകൾ തീർപ്പാക്കാൻ കോടതി നിയോഗിച്ച ഔദ്യോഗിക മധ്യസ്ഥനാണെന്ന് വ്യാജേനയാണ് തട്ടിപ്പുസംഘം കക്ഷികളെ ബന്ധപ്പെട്ടിരുന്നത്. ഇത്തരം കേസുകൾ അനുകൂലമായി തീർപ്പാക്കാമെന്ന് പറഞ്ഞ് പണം ഈടാക്കുന്നതായിരുന്നു ഇവരുടെ രീതി.
