
തെരഞ്ഞെടുപ്പ് ചൂടേറുന്നു; ജില്ലയിൽ അഞ്ച് സ്ഥാനാർത്ഥികൾ കൂടി പത്രിക നൽകി
- കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ 3 മുന്നണികളും പത്രിക നൽകി.
കോഴിക്കോട്: ജില്ലയിൽ ഇന്നലെ 5 പേർ കൂടി നാമനിർദേശ പത്രിക സമർപ്പിച്ചു. കോഴിക്കോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എളമരം കരീം, എൻഡിഎ സ്ഥാനാർഥി എം.ടി.രമേഷ്, ബിഎസ്പി സ്ഥാനാർഥി അറുമുഖൻ, വടകര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജ, എൻഡിഎ സ്ഥാനാർഥി സി.ആർ.പ്രഫുൽ കൃഷ്ണൻ എന്നിവർ പത്രിക സമർപ്പിച്ചു. ഇതോടെ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ 3 മുന്നണികളുടെയും പത്രികാസമർപ്പിച്ചു കഴിഞ്ഞു.
വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജ എഡിഎം കെ.അജീഷ് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ, കെ.പി.കുഞ്ഞമ്മദുകുട്ടി, ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. 1,99,860 രൂപ കെ.കെ.ശൈലജയുടെ വാർഷികവരുമാനം. കൈവശം പണമായി 7,500 രൂപയും ബാങ്ക് നിക്ഷേപം, ഓഹരി, സ്വർണം, വാഹനം എന്നിവയിൽ 39,07,577 രൂപയുടെ സമ്പാദ്യവുമുണ്ടെന്നു സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
വടകര മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സി.ആർ.പ്രഫുൽ കൃഷ്ണൻ എഡിഎം കെ.അജീഷ് മുൻപാകെ പത്രിക സമർപ്പിച്ചു. ബിജെപി ദേശീയ നിർവാഹക സമിതി അംഗം കെ.പി.ശ്രീശൻ, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി വി.മനീഷ്, ബിജെപി കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എൻ.ഹരിദാസൻ തുടങ്ങിയവർക്ക് ഒപ്പമെത്തിയാണ് പത്രിക നൽകിയത്. 3,65,192 രൂപ പ്രഫുൽ കൃഷ്ണൻ്റെ വാർഷിക വരുമാനം. 1.50 ലക്ഷം രൂപ കൈവശമുണ്ട്. ബാങ്ക് നിക്ഷേപം, വാഹനങ്ങൾ എന്നിവയിൽ സ്വർണം 11,63,716 രൂപയുടെ മൂല്യമുണ്ടെന്നും സത്യവാങ്മൂലത്തിൽ സമ്പാദ്യം വ്യക്തമാക്കി.
വടകര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ഇന്ന് പത്രിക സമർപ്പിക്കും.ഇന്നാണ് പത്രിക നൽകാനുള്ള അവസാന തീയതി.
കോഴിക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി എം.കെ.രാഘവൻ നേരത്തെ പത്രിക നൽകിയിരുന്നു. കോഴിക്കോട് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീം കലക്ടർ സ്നേഹത്തിൽ കുമാർ സിങ്ങിനാണ് പത്രിക സമർപ്പിച്ചത്. മന്ത്രി പി.എ.മുഹമ്മദ് റിയാസ്, ടി.പി.രാമകൃഷ്ണൻ, ശ്രേയാംസ് കുമാർ, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.ബാലൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
നടുവട്ടത്തെ രാജീവൻ രക്തസാക്ഷിമണ്ഡപത്തിലും പുഷ്പാർച്ചന നടത്തി, ബീച്ച് രക്തസാക്ഷി മണ്ഡപത്തിൽ സ്വാതന്ത്ര്യസമര പോരാളികൾക്ക് സ്മരണാഞ്ജലി അർപ്പിച്ചുകൊണ്ടാണ് കരീം പത്രിക സമർപ്പിക്കാൻ എത്തിയത്. 22,80,000 രൂപ എളമരം കരീമിൻ്റെ വാർഷികവരുമാനം. കൈവശം പണമായി 10,000 രൂപയും, ബാങ്ക് നിക്ഷേപം, ഓഹരി, വാഹനം എന്നിവയിൽ 23,52,712 രൂപയുടെ സമ്പാദ്യവുമുണ്ടെന്നു സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.