
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റം; ഗാന്ധിജിയുടെ പേര് പാടേ തഴഞ്ഞു
- 2009-ലാണ് പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ് പദ്ധതിക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്ന് പേരിട്ടത്.
ന്യൂഡൽഹി:മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാൻ കഴിഞ്ഞാഴ്ച മന്ത്രിസഭായോഗം തീരുമാനിച്ചെങ്കിലും, അന്ന് വെളിപ്പെടുത്തിയതിൽ പദ്ധതിപ്പേരിൽനിന്ന് രാഷ്ട്രപിതാവിനെ പാടേ തഴഞ്ഞിരുന്നില്ല. ‘പൂജ്യ ബാപ്പു ഗ്രാമീൺ റോസ്ഗാർ ഗാരൻ്റി യോജന’ എന്നായിരുന്നു പുറത്ത് പ്രചരിച്ച പേര്. എന്നാൽ, തിങ്കളാഴ്ച ലോക്സഭാ അംഗങ്ങൾക്ക് പരിശോധനയ്ക്കായി നൽകിയ ബില്ലിന്റെ പേരിൽനിന്ന് ഗാന്ധിജി തീർത്തും ഒഴിവാക്കപ്പെട്ടു.പേര് വികസിത് ഭാരത് ഗാരൻ്റി ഫോർ റോസ്ഗാർ അജീവിക മിഷൻ- ഗ്രാമീൺ എന്നായി. 2005ൽ പാർലമെന്റ് പാസാക്കിയ നിയമപ്രകാരം പദ്ധതിയുടെ പേര് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെന്നായിരുന്നു.2006 മുതൽ പദ്ധതി നടപ്പാക്കിത്തുടങ്ങി. 2008-ൽ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു.

2009-ലാണ് പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ് പദ്ധതിക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്ന് പേരിട്ടത്. നരേന്ദ്രമോദി പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം പേരുമാറ്റി പുതുരൂപത്തിലാക്കിയ കോൺഗ്രസ് സർക്കാർ കാലത്തെ പദ്ധതികളേറെ. 2014 ൽ മോദി സർക്കാർ അധികാരത്തിലേറിയശേഷമുള്ള സ്വച്ഛ്ഭാരത്, മൻമോഹൻ സിങ്ങിന്റെ കാലത്തെ നിർമൽ ഭാരത് അഭിയാനായിരുന്നു. ഇങ്ങനെ ഇരുപതിലധികം പദ്ധതികളുടെ പേര്മാറ്റി മോദി സർക്കാർ.
