
പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ആശങ്കയുടെ തീരത്ത്
- മീൻലഭ്യത കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 75 ശതമാനത്തോളം കുറഞ്ഞതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു
രാമനാട്ടുകര : മീനിന്റെ ലഭ്യത കുത്തനെകുറഞ്ഞതോടെ ചാലിയത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ആശങ്കയുടെ തീരത്ത്. മീൻലഭ്യത കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 75 ശതമാനത്തോളം കുറഞ്ഞതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. നിലവിൽ പ്രതിദിനം ഏകദേശം 50,000-60,000 രൂപയ്ക്കുള്ള മീനുകൾ മാത്രമാണ് വലിയവള്ളങ്ങൾക്ക് കിട്ടുന്നത്.

മുൻവർഷങ്ങളിൽ രണ്ടും മൂന്നുംലക്ഷം രൂപയ്ക്കുള്ള മീൻകിട്ടിയിരുന്നസ്ഥാനത്താണിതെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടംവീട്ടാനും മറ്റുമുള്ള മാസങ്ങളായാണ് ജൂൺ-ജൂലായ് മാസങ്ങളെ കണക്കാക്കുന്നതെങ്കിലും ഇത്തവണ സ്ഥിതിമാറിയെന്നും ചാലിയം ഫിഷ്ലാൻഡിങ് സെന്ററിലെ മത്സ്യത്തൊഴിലാളി പി.കെ. അഷ്റഫ് പറഞ്ഞു. ഈ വർഷം ട്രോളിങ്ങ് നിരോധനത്തിന് മുൻപ് അശാസ്ത്രീയമീൻപിടിത്തം കൂടുതലായിരുന്നു. അനധികൃതമായി ഇരട്ടവല ഉപേയാഗിച്ച് രാത്രികാലങ്ങളിലും മറ്റും വ്യാപകമായി മീൻപിടിച്ചതുമൂലമാണ് ലഭ്യത ഏറെ കുറഞ്ഞത്.