പാർക്കിംഗ് ഫീസ്: ഉത്തരവ് പിൻവലിച്ച് കോഴിക്കോട് വിമാനത്താവള അതോറിറ്റി

പാർക്കിംഗ് ഫീസ്: ഉത്തരവ് പിൻവലിച്ച് കോഴിക്കോട് വിമാനത്താവള അതോറിറ്റി

  • പുനഃപരിശോധന നടത്തിയ ശേഷം തുടർനടപടി

മലപ്പുറം : കോഴിക്കോട് വിമാനത്താവളത്തിൽ ടാക്സി വാഹനങ്ങളിൽനിന്ന് 283 രൂപ ഈടാക്കുന്നത് താൽക്കാലികമായി പിൻവലിച്ചു. വിമാനത്താവളത്തിലെ അംഗീകൃത പ്രീ പെയ്‌ഡ് ടാക്‌സികൾ അല്ലാത്ത, പുറത്തുനിന്ന് എത്തുന്ന ടാക്സി വാഹനങ്ങൾ വിമാനത്താവളത്തിലെത്തി യാത്രക്കാരെ കയറ്റി പോകുകയാണെങ്കിൽ 283 രൂപ നൽകണമെന്ന നിർദേശമാണ്‌ താൽക്കാലികമായി പിൻവലിച്ചിരിക്കുന്നത്. സംഭവത്തിൽ പുനഃപരിശോധന നടത്തിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

വാഹന പാർക്കിങ് നിരക്ക് കഴിഞ്ഞ 16 മുതലാണ് എയർപോർട്ട് അതോറിറ്റി പുതുക്കിയത്. യാത്രക്കാരെ വിമാനത്താവളത്തിൽ എത്തിക്കുന്നതിനു പുറത്തുനിന്നുള്ള ടാക്സ‌ി വാഹനങ്ങൾക്ക് നിരക്കില്ല. എന്നാൽ, യാത്രക്കാരെ കൊണ്ടുപോകാൻ എത്തിയാൽ പുറത്തിറങ്ങുമ്പോൾ 283 രൂപ നൽകണം. അംഗീകൃത പ്രീപെയ്‌ഡ് ടാക്‌സികൾ വൻതുക നൽകിയാണ് വിമാനത്താവളത്തിനുള്ളിൽ തുടരുന്നത്. അംഗീകൃത ടാക്സികൾക്ക് ട്രിപ്പ് നഷ്ടപ്പെടാതിരിക്കാനാണ് പുറത്തുള്ള ടാക്സികൾക്ക് പിക്കപ്പ് ചാർജ് ആയി 283 രൂപ തുക നിശ്ചയിച്ചത് എന്ന് അധികൃതർ പറയുന്നു. ഈ തുക ഈടാക്കുന്നതാണ് ഇപ്പോൾ താൽക്കാലികമായി നിർത്തിയത്. ഇതൊഴികെയുള്ള മറ്റു നിരക്കുകൾ ഈടാക്കുന്നതു തുടരുമെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )