
റാപ്പർ വേടനെതിരെ ഗൂഢാലോചന നടന്നെന്ന് കുടുംബം നൽകിയപരാതിയിൽ അന്വേഷണത്തിനൊരുങ്ങി പോലീസ്
- കൊച്ചി പൊലീസ് കമ്മീഷണറാണ് സംഭവത്തിൽ അന്വേഷണം നടത്താൻ നിർദേശിച്ചത്.
കൊച്ചി: റാപ്പർ വേടനെതിരെ ഗൂഢാലോചന നടന്നെന്ന പരാതിയിൽ അന്വേഷണം നടത്താനൊരുങ്ങി പൊലീസ്. വേടന്റെ കുടുംബം നൽകിയ പരാതിയിലാണ് അന്വേഷണം. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണമെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. കൊച്ചി പൊലീസ് കമ്മീഷണറാണ് സംഭവത്തിൽ അന്വേഷണം നടത്താൻ നിർദേശിച്ചത്. വേടനെതിരെ തുടർച്ചയായി ലൈംഗികാതിക്രമ പരാതികൾ ഉണ്ടാകുന്നതിന് പിന്നിൽഗൂഢാലോചനയുണ്ടെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിൽ വേടൻ്റെ സഹോദരൻ ഹരിദാസ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

വേടനെതിരായ കേസുകളും കാര്യങ്ങളും കൊണ്ട് കുടുംബത്തിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് പരാതിയിൽ പറഞ്ഞിരിക്കുന്നതെന്ന് റാപ്പർ വേടന്റെ സഹോദരൻ ഹരിദാസ് വ്യക്തമാക്കിയിരുന്നു. ആദ്യമായാണ് ഇത്തരം കാര്യങ്ങളിലൂടെ കടന്നുപോകുന്നത്. പരാതി കൊടുത്തതിനു ശേഷം പൊലീസ് ബന്ധപ്പെട്ടിട്ടില്ലെന്നും കുടുംബത്തെ തന്നെ ഇല്ലാതാക്കുന്ന രീതിയിലാണ് പരാതികൾ വരുന്നതെന്നും സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു