
പ്രായമായവർക്ക് സംരക്ഷണം നൽകിയില്ലെങ്കിൽ ഇഷ്ടദാനം റദ്ദാക്കാം -മദ്രാസ് ഹൈകോടതി
- വയസുകാലത്ത് തങ്ങളെ സംരക്ഷിക്കണമെന്ന് ആധാരത്തിൽ പ്രത്യേകമായി എഴുതിച്ചേർത്തില്ലെങ്കിൽ കൂടി ഇഷ്ടദാനം റദ്ദ് ചെയ്യാൻ കഴിയുമെന്നും കോടതി
ചെന്നൈ: പ്രായമായവർക്ക് സംരക്ഷണം നൽകിയില്ലെങ്കിൽ അവരുടെ മക്കൾക്കോ അടുത്ത ബന്ധുക്കൾക്കോ ഇഷ്ടദാനം നൽകിയ ആധാരം റദ്ദാക്കാമെന്ന് മദ്രാസ് ഹൈകോടതി. എസ്. നാഗലക്ഷ്മി എന്ന സ്ത്രീയുടെ മരുമകൾ എസ്. മാല സമർപ്പിച്ച അപ്പീൽ തള്ളിയാണ് ജസ്റ്റിസുമാരായ എസ്.എം സുബ്രഹ്മണ്യം, കെ. രാജശേഖർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം.

വയസുകാലത്ത് തങ്ങളെ സംരക്ഷിക്കണമെന്ന് ആധാരത്തിൽ പ്രത്യേകമായി എഴുതിച്ചേർത്തില്ലെങ്കിൽ കൂടി ഇഷ്ടദാനം റദ്ദ് ചെയ്യാൻ കഴിയുമെന്നും കോടതി പറഞ്ഞു.ജീവിതകാലം മുഴുവൻ മകനും മരുമകളും തന്നെ പരിപാലിക്കുമെന്ന് കരുതിയാണ് നാഗലക്ഷ്മി മകൻ കേശവൻ്റെ പേരിൽ ഇഷ്ടദാനം എഴുതിനൽകിയത്. എന്നാൽ മകൻ അവരെ പരിപാലിച്ചില്ല. മകന്റെ മരണശേഷം മരുമകളും അവരെ അവഗണിച്ചു. തുടർന്ന് നാഗലക്ഷ്മി നാഗപട്ടണം ആർ.ഡി.ഒയെ സമീപിക്കുകയായിരുന്നു.