
ബ്രെയിൻ അന്യൂറിസം ചികിത്സയിൽ കോഴിക്കോട് മെഡിക്കൽ കോളജിന് നേട്ടം
- അന്യൂറിസം കോയലിംഗ് ചികിത്സ 250 രോഗികൾക്ക് വിജയകരമായി പൂർത്തിയാക്കികഴിഞ്ഞു
കോഴിക്കോട് :ചരിത്രനേട്ടവുമായി കോഴിക്കോട് മെഡിക്കൽ കോളേജ്. തലച്ചോറിലേയ്ക്കുള്ള രക്തക്കുഴലുകളിൽ കുമിളകൾ വന്ന് രക്തസ്രാവമുണ്ടായി ഗുരുതരാവസ്ഥയിലാകുന്ന രോഗികൾക്ക് മികച്ച ചികിത്സ നൽകിയാണ് കോഴിക്കോട് മെഡിക്കൽ കോളജ് നേട്ടം കൈവരിച്ചത്. തലയോട്ടിയോ തലച്ചോറോ തുറക്കാതെ പിൻ ഹോൾ ചികിത്സയിലൂടെ നടത്തുന്ന അന്യൂറിസം കോയലിംഗ് ചികിത്സ 250 രോഗികൾക്ക് വിജയകരമായി പൂർത്തിയാക്കി.
റേഡിയോളജി വിഭാഗത്തിന് കീഴിൽ ഇന്റർവെൻഷണൽ റേഡിയോളജി യൂണിറ്റിലാണ് നൂതന അന്യൂറിസം കോയിലിംഗ് ചികിത്സ ലഭ്യമാക്കിയത്തലയോട്ടി തുറന്നുള്ള സങ്കീർണ ശസ്ത്രക്രിയകൾ ഒഴിവാക്കാൻ സാധിക്കുന്നു എന്നതാണ് ഈ ചികിത്സയുടെ പ്രത്യേകത. അതിനാൽ തന്നെ മറ്റ് സങ്കീർണതകൾ ഒഴിവാക്കാനും വേഗത്തിൽ സുഖം പ്രാപിക്കാനും സാധിക്കുന്നു. നൂതനമായ ചികിത്സ പരമാവധി രോഗികൾക്ക് ലഭ്യമാക്കിയ കോഴിക്കോട് മെഡിക്കൽ കോളജിന്റെ മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

തലച്ചോറിലെ രക്തക്കുഴലുകളിലെ വീക്കം കാരണം കുമിളകൾ (അന്യൂറിസം) ഉണ്ടായാൽ യഥാസമയം ചികിത്സിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കുന്ന രോഗമാണ്. തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയയാണ് പരമ്പരാഗതമായി ചെയ്തു വരുന്നത്. എന്നാൽ ഇന്റർവെൻഷണൽ റേഡിയോളജി കോയിലിംഗ് ടെക്നിക്കിലൂടെ ശസ്ത്രക്രിയ ഇല്ലാതെ ഇത് പരിഹരിക്കാൻ സാധിക്കുന്നു. കയ്യിലേയോ കാലിലേയോ രക്തക്കുഴൽ വഴി തലച്ചോറിലെ രക്തക്കുഴലിലെത്തി, കോയിൽ, സ്റ്റെൻ്റ്, ബലൂൺ എന്നിവ ഉപയോഗിച്ച്’കുമിള അടയ്ക്കുന്ന രീതിയാണിത്.