
മയക്കുമരുന്ന് ലഹരിയിൽ കെ എസ് ആർ ടി സി ബസിൽ ആക്രമണം അഴിച്ചു വിട്ട പ്രതി അറസ്റ്റിൽ
- രാജേഷ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്.
തിരുവനന്തപുരം:മയക്കുമരുന്ന് ലഹരിയിൽ കെഎസ്ആർടിസിബസിൽ ബഹളമുണ്ടാക്കുകയും കല്ലെറിഞ്ഞ് ചില്ല് തകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തയാൾ അറസ്റ്റിൽ. രാജേഷ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. തൃശൂർ പുതുക്കാടിന് സമീപം ഇന്നലെ രാത്രിയായിരുന്നു സംഭവം.പാലക്കാട് നിന്നു തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസിൽ തൃശൂരിൽ നിന്നു കയറിയ രാജേഷ് ടിക്കറ്റ് എടുക്കാൻ പോലും തയാറാകാതെ ബഹളം വയ്ക്കുകയും സ്ത്രീകൾ അടക്കമുള്ളവരെ തെറി വിളിക്കുകയും ചെയ്തു. തുടർന്ന് കണ്ടക്ടറും യാത്രക്കാരും ചേർന്ന് ഇയാളെ പുതുക്കാടിനു സമീപം തലോർ എന്ന സ്ഥലത്ത് ഇറക്കിവിടാൻ ശ്രമിച്ചു. ഇതോടെ ഇയാൾ കണ്ടക്ടർ രാഹുലിനെയും ഡ്രൈവർ സുദീഷ് കുമാറിനെയും മർദിക്കാൻ ശ്രമിക്കുകയായിരുന്നു .

പിന്നീട് പുറത്തിറങ്ങി കല്ലെടുത്ത് ബസിന്റെ സൈഡ് ഗ്ലാസ് എറിഞ്ഞു പൊട്ടിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ബസിലുണ്ടായിരുന്ന യാത്രക്കാരുടെ സഹായത്തോടെ പൊലീസ് പിടികൂടി. ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തുക, പൊതുമുതൽ നശിപ്പിക്കുക, സ്ത്രീകളെ അസഭ്യം പറയുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
