
മാവൂർ റോഡ് ശ്മശാനം നവംബർ ഒന്നിനു തുറക്കും
- ശ്മശാനം ‘സ്മൃതിപഥം’ നവംബർ ഒന്നിനു കേരളപ്പിറവി ദിനത്തിൽ മന്ത്രി എം.ബി. രാജേഷ് നാടിനു സമർപ്പിക്കും
കോഴിക്കോട്:നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ നവീകരിച്ച മാവൂർ റോഡ് ശ്മശാനം ‘സ്മൃതിപഥം’ മന്ത്രി എം.ബി. രാജേഷ് നാടിനു സമർപ്പിക്കും. സ്‌മൃതിപഥത്തിൽ വാതകം ഉപയോഗിച്ച് ദഹിപ്പിക്കുന്ന 3 ചൂളകളും പരമ്പരാഗത രീതിയിൽ ചേരികൊണ്ടു ദഹിപ്പിക്കാനുള്ള 2 ചൂളകളും നിർമിച്ചിട്ടുണ്ട് . കർമങ്ങൾ ചെയ്യാനും ദേഹശുദ്ധി വരുത്താനുമായി പ്രത്യേകം സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

അനുശോചന യോഗങ്ങൾക്ക് ഉൾപ്പെടെ കേരളീയ മാതൃകയിൽ വിശാലമായ ഹാൾ നിർമിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ മുൻവശത്തു പുൽത്തകിടിയും ഒരുക്കിയിട്ടുണ്ട് . ഇതിനു അടുത്ത് മനുഷ്യൻ്റെ ജനനം, ജീവിതം, മരണം എന്നിവ ചിത്രീകരിച്ച ചുമർ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ശ്മശാനത്തിലെ പ്രധാന കെട്ടിടത്തിൽ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വരച്ചിട്ടുണ്ട്. മഴവെള്ളം ഒഴുകിപ്പോകാനായി ഓടകളും നിർമിച്ചിട്ടുണ്ട്.കൂടാതെ ചുറ്റുമതിൽ, ഗേറ്റ്, പ്രവേശന കവാടം, തെരുവു വിളക്കുകൾ, ജനറേറ്റർ തുടങ്ങിയവ ഇതിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട് .
രണ്ടു ദിവസത്തിനകം അവസാനഘട്ട പ്രവൃത്തികൾ പൂർത്തിയാകും.പ്രവൃത്തി നടത്തുന്നത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിലാണ്. കോർപറേഷൻ ഫണ്ടിൽ 4 കോടി രൂപയും എ.പ്രദീപ് കുമാർ എംഎൽഎ ആയിരുന്നപ്പോൾ എംഎൽഎ ഫണ്ടിൽ അനുവദിച്ച രണ്ടര കോടി രൂപയും ഉപയോഗിച്ചാണ് പ്രവൃത്തി നടത്തുന്നത്.