
വഴിയടഞ്ഞ് നന്തി നിവാസികൾ; ജനകീയ മാർച്ചും ധർണയും നടത്തി
- മേൽപാലം വന്നതോടെ രണ്ട് ലവൽ ക്രോസും അടച്ചു. പുറത്തേക്ക് പോവാൻ 2 കിലോമീറ്റർ ചുറ്റി നന്തിക്കാർ
കൊയിലാണ്ടി : നന്തി റയിൽവേ അടിപ്പാത നിർമ്മിക്കുക, യാത്രാ സൗകര്യം നിഷേധിച്ച് വേലി കെട്ടി വഴി അടക്കുന്നത് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി റയിൽവേ സെക്ഷൻ എൻജിനിയർ ഓഫീസിലേക് മാർച്ചും ധർണയും നടത്തി. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ധർണ ഉദ്ഘാടനം നിർവഹിച്ചു. പൊതുവഴി തരാൻ പണം വേണമെന്നാണ് റെയിൽവേ പറയുന്നത്, വഴി പരിഗണിക്കുക എന്നത് റെയിൽവേയുടെ ബാധ്യതയാണ് എന്നും ഇത്തരത്തിൽ റെയിൽവേ മുന്നോട്ട് പോവുകയാണെങ്കിൽ സമരം ശക്തമാക്കുമെന്നാണ് സംയുക്ത കക്ഷിക്കളുടെ തീരുമാനം എന്ന് സി.കെ. ശ്രീകുമാർ പറഞ്ഞു.
2006ൽ നന്തിയിൽ ഫ്ലൈ ഓവർ വന്നപ്പോൾ ഉണ്ടായിരുന്ന റെയിൽവേ ക്രോസ്സ് റെയിൽവേ അടച്ചതിനെ തുടർന്നാണ് നന്തി നിവാസികളായ നാട്ടുകാർക്ക് ഗേറ്റിന് ഇരുവശങ്ങളിലേക്ക് കടക്കാൻ കിലോമീറ്ററുകളോളം ചുറ്റേണ്ട അവസ്ഥ വരുന്നത് . മൂടാടി പഞ്ചായത്തിലെ 1, 16,17 എന്നീ വാർഡുകളിലെ ജനങ്ങൾക്ക് നന്തിയിൽ സുഗമമായി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ. ഫ്ലൈ ഓവർ വന്നതിന് ശേഷമാണ് ഇത് സംഭവിച്ചത് എന്ന് പരിസരവാസികൾ പറയുന്നു.
അടിപ്പാത നിർമാണത്തിനായി 20l6 ൽ 4 ലക്ഷത്തിമുപ്പതിനായിരം രൂപ റെയിൽവേയിൽ അടച്ചിരുന്നു. 2.75 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി തുക റെയിൽവേയിലേക്ക് അടച്ചാൽ മാത്രമേ അടിപ്പാത നിർമിക്കൂ എന്നതാണ് റെയിൽവേയുടെ ഇന്നത്തെ സമീപനം. എന്നാൽ നന്തിയിൽ മേൽപാലം വന്നതോടെ രണ്ട് ലവൽ ക്രോസും അടയ്ക്കപ്പെട്ടതിനാൽ പുറം ലോകവുമായി ബന്ധപ്പെടാൻ 2 കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ടുന്ന അവസ്ഥയാണ് നന്തിയിലെ ജനങ്ങൾക്ക്. ഇത്തരം ജനദ്രോഹം റെയിൽവേയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത് ഞങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. വിവിധ പാർട്ടി നേതാക്കളായ കുരളി കുഞ്ഞമ്മത്,പി.കെ. പ്രകാശൻ, രഫീഖ് ഇയ്യത്ത് കുനി , സിറാജ് മുത്തായം, എം. രാമചന്ദ്രൻ റസൽ നന്തി,അസ്ലം,ജനപ്രതിധികളായ എം.കെ.മോഹനൻ, സുഹ്റ ഖാദർ, എ.വി.ഹുസ്ന എന്നിവർ സംസാരിച്ചു. റഫീഖ് പുത്തലത്ത് സ്വാഗതം പറഞ്ഞു.