
വാഹനകള്ളക്കടത്ത് കേസിൽ നടൻ അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് കസ്റ്റംസ് അന്വേഷണം
- കഴിഞ്ഞ വർഷങ്ങളിലെ ഇടപാടുകളിലും കസ്റ്റംസ് സമഗ്രമായി അന്വേഷണം നടത്തും.
കൊച്ചി: ഭൂട്ടാൻ വാഹനകള്ളക്കടത്ത് വിദേശ നിർമിത കാറുകളുടെ വിൽപനയിൽ അമിത് മുഖ്യഇടനിലക്കാരനെന്ന് കസ്റ്റംസ് പറയുന്നു. കോയമ്പത്തൂരിലെ വാഹനമാഫിയയുമായി അമിത്തിന് അടുത്ത ബന്ധമെന്നും കസ്റ്റംസ് കണ്ടെത്തി. കള്ളക്കടത്തിന് കൂട്ടു നിന്ന ഹിമാചലിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്താനും അന്വേഷണം നടക്കുന്നുണ്ട്. ഒത്താശചെയ്തത് ഷിംല റൂറലിലെ ഉദ്യോഗസ്ഥരെന്നാണ് നിഗമനം. മിക്ക കള്ളക്കടത്ത് വാഹനങ്ങളുടെയും റജിസ്ട്രേഷൻ ‘HP 52’ എന്നാണ്.അമിത്തിന്റെ കഴിഞ്ഞ വർഷങ്ങളിലെ ഇടപാടുകളിലും കസ്റ്റംസ് സമഗ്രമായി അന്വേഷണം നടത്തും.

തമിഴ്നാട് വാഹനമാഫിയ സംഘത്തിലെ കണ്ണിയെ കേസിൽ ചോദ്യം ചെയ്തുകഴിഞ്ഞു. മിക്ക കള്ളക്കടത്ത് വാഹനങ്ങളും രജിസ്റ്റർ ചെയ്തത് ഷിംല റൂറൽ ആർടി ഓഫിസിലാണെന്നാണ് കണ്ടെത്തൽ. വാഹനക്കള്ളക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണിയെന്ന് സംശയിക്കുന്ന അസം സ്വദേശി മാഹിനെയും കുറിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മാഹിന്റെ പേരിലുള്ള ലാൻഡ് ക്രൂസർ വാഹനമാണ് ഇന്നലെ കുണ്ടന്നൂരിലെ വർക്ഷോപ്പിൽ നിന്ന് കണ്ടെത്തിയത്.
