
ശ്വാസംമുട്ടി എങ്ങും പുക… പരിഭ്രാന്തി
- ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് ഈ രണ്ടുകെട്ടിടങ്ങളുടെയും നിർമാണം ആരംഭിക്കും.
കോഴിക്കോട് : മെഡിക്കൽ കോളേജിൽ അടിക്കടിയുണ്ടായ അപകടങ്ങൾകാരണം വിവാദത്തിലായ നിർമാണക്കമ്പനിയായ എച്ച്എൽഎൽ ഹൈറ്റ്സിനുതന്നെ പുതിയ കെട്ടിടങ്ങളുടെ നിർമാണത്തിനും കരാർ. 450 കോടിരൂപയുടെ കിഫ്ബി ഫണ്ടിൽ നിർമിക്കുന്ന മെഡിക്കൽകോളേജ് ഒപി ബ്ലോക്ക് കെട്ടിടത്തിനും മെഡിക്കൽകോളേജിൻ്റെ സ്വന്തം ഫണ്ടായ 35 കോടി ചെലവിട്ട് നിർമിക്കുന്ന ഐസൊലേഷൻ വാർഡിനുമാണ് ഭരണാനുമതി ലഭിച്ചത്.

അപകടങ്ങളുണ്ടായ, അത്യാഹിതവിഭാഗം പ്രവർത്തിച്ചിരുന്ന പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജന(പിഎംഎസ്എസ് വൈ)കെട്ടിടത്തിന്റെ നിർമാണത്തിന് കരാർ ലഭിച്ചത് കേന്ദ്ര പൊതുമേഖലാസ്ഥാപനമായ എച്ച്എൽഎൽ ഹൈറ്റ്സിനായിരുന്നു. നിർമാണത്തിനും ഉപകരണങ്ങൾ സ്ഥാപിക്കാനും ഉൾപ്പെടെ വിവിധ കമ്പനികൾക്ക് എച്ച്എൽഎൽ ഹൈറ്റ്സ് ഉപകരാർ നൽകുകയായിരുന്നു. നിർമാണത്തിലെ പാളിച്ചകൾ കാരണം തുടക്കംമുതൽതന്നെ കമ്പനി പുലിവാലുപിടിച്ചു.
ഇപ്പോഴുണ്ടായ പൊട്ടിത്തെറിയും തീപ്പിടിത്തവും കൂടിയായതോടെ കമ്പനി വീണ്ടും ചർച്ചകളിൽ നിറഞ്ഞു. ഇതിനിടെയാണ് പുതിയ രണ്ട് ബ്ലോക്കുകളുടെ നിർമാണത്തിന് സംസ്ഥാനസർക്കാർ ഇതേ കമ്പനിക്കുതന്നെ കരാർ നൽകിയിരിക്കുന്നത്. ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് ഈ രണ്ടുകെട്ടിടങ്ങളുടെയും നിർമാണം ആരംഭിക്കും.
