
സംസ്ഥാനത്ത് അഞ്ച് പുതിയ ദേശീയപാതകൾകൂടി വരാൻ പോകുന്നുവെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്
- രാമനാട്ടുകര – കോഴിക്കോട് എയർപോർട്ട് റോഡ് സംസ്ഥാന സർക്കാരിന്റെ തുടർച്ചയായ ഇടപെടലിന്റെ ഭാഗമായി ദേശീയപാതാ നിലവാരത്തിലേക്ക് ഉയർത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്
തിരുവനന്തപുരം:സംസ്ഥാനത്ത് അഞ്ച് പുതിയ ദേശീയപാതകൾകൂടി വരാൻ പോകുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് . മുഖ്യമന്ത്രിയോടൊപ്പം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിയെ ഡൽഹിയിൽ സന്ദർശിച്ച ഘട്ടത്തിൽ കൂടുതൽ പാതകൾ ദേശീയപാത നിലവാരത്തിലേക്ക് ഉയർത്തണം എന്ന സംസ്ഥാന സർക്കാരിൻ്റെ നിലപാട് അറിയിച്ചിരുന്നു. അതിനുള്ള വിശദമായ നിർദ്ദേശവും സംസ്ഥാന സർക്കാർ സമർപ്പിച്ചിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അഞ്ചു പുതിയ ദേശീയപാതകളുടെ പദ്ധതി രേഖ തയ്യാറാക്കുവാനുള്ള നടപടികൾ ആരംഭിച്ചിട്ടുള്ളതെന്നും റിയാസ് മന്ത്രി അറിയിച്ചു.മലബാറിലെ ജനങ്ങളുടെ ആവശ്യമായിരുന്ന രാമനാട്ടുകര – കോഴിക്കോട് എയർപോർട്ട് റോഡ് സംസ്ഥാന സർക്കാരിന്റെ തുടർച്ചയായ ഇടപെടലിന്റെ ഭാഗമായി ദേശീയപാതാ നിലവാരത്തിലേക്ക് ഉയർത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്.

കൂടാതെ കണ്ണൂർ വിമാനത്താവള റോഡ് (ചൊവ്വ -മട്ടന്നൂർ), കൊടൂങ്ങല്ലൂർ – അങ്കമാലി, വൈപ്പിൻ – മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ് റോഡ് എന്നിവയും ദേശീയപാതാ നിലവാരത്തിലേക്ക് ഉയർത്താനുള്ള പദ്ധതിരേഖ തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചുവെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചിട്ടുണ്ട്. അതോടൊപ്പം കൊച്ചി – മധുര ദേശീയപാതയിൽ കോതമംഗലം, മൂവാറ്റുപുഴ ബൈപാസ് നിർമാണത്തിനുള്ള പദ്ധതി രേഖയും തയാറാക്കുകയാണ്.
