
സദാചാര ഗുണ്ടായിസം;അഞ്ച് പേർ പിടിയിൽ
- ക്രൂരമായ മർദനമാണ് നടന്നതെന്ന് പെൺകുട്ടി പൊലീസിൽ മൊഴി നൽകി
ബാലുശ്ശേരി: കോക്കല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിക്കും ബന്ധുവായ ഇരുപതുകാരനും നേരെ സദാചാര ഗുണ്ടയിസം നടത്തിയ കേസിൽ പിടിഎ മുൻ പ്രസിഡന്റ് അടക്കം അഞ്ചു പേർ പിടിയിൽ.
കയിഞ്ഞ ദിവസം സ്കൂൾ വിട്ടതിന് ശേഷം ബസ് സ്റ്റോപ്പിന് സമീപം സംസാരിച്ചു നിൽക്കുകയായിരുന്ന കോക്കല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിക്കും അടുത്ത ബന്ധുകൂടിയായ ഇരുപതുകാരനും നേരെയായിരുന്നു സദാചാര ഗുണ്ടായിസം. ഇവർ സംസാരിച്ചു നിൽക്കുന്നത് ചോദ്യം ചെയ്ത സംഘം അസഭ്യം പറയുകയും പിന്നീട് ആൺകുട്ടിയെ മർദിക്കുകയും ചെയ്തു. പെൺകുട്ടിയെ നിലത്ത് തള്ളിയിട്ടു എന്നും പരാതിയിൽ പറയുന്നു. ക്രൂരമായ മർദനമാണ് നടന്നതെന്ന് പെൺകുട്ടി പൊലീസിൽ മൊഴി നൽകി. പരാതിക്കാരുടെ വിശദമൊഴി രേഖപ്പെടുത്തിയ പൊലീസ് സിപിഎം കോക്കല്ലൂർ ബ്രാഞ്ച് സെക്രട്ടറി പി.എം രതീഷ്, വിപിൻലാൽ എന്നിവരെ കൂടാതെ കണ്ടാലറിയാവുന്ന അഞ്ച് ആളുകളുടെ പേരിലും കേസ് എടുത്തിട്ടുണ്ട്.

കോക്കല്ലൂർ സ്കൂളിലെ പിടിഎ മുൻ പ്രസിഡന്റ് കൂടിയാണ് രതീഷ്. ആയുധം കൊണ്ട് ആക്രമിച്ച് പരുക്കേൽപ്പിക്കൽ, നിയമവിരുദ്ധമായി സംഘം ചേർന്ന് തടഞ്ഞുവെക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് ബാലുശ്ശേരി പൊലീസ് ചുമത്തിയിരിക്കുന്നത്.