
അടിമുടി മാറി കോഴിക്കോട് ബീച്ച്
- 20 ന് രാത്രി 8ന് മന്ത്രി എം.ബി. രാജേഷ് ഭക്ഷണ തെരുവ് ഉദ്ഘാടനം ചെയ്യും.
കോഴിക്കോട്: നഗരത്തിൽ ബീച്ച് ഭക്ഷണ തെരുവ് തുറക്കുന്നു. ആകാശവാണിക്ക് എതിർവശത്ത് ബീച്ചിൽ പ്രത്യേകമായി ഒരുക്കിയ സ്‌ഥലത്ത് മഞ്ഞയും ചുവപ്പും നിറത്തിലുള്ള ഒരേ മാതൃകയിലുള്ള 90 ഉന്തുവണ്ടികളിലായാണ് നഗരത്തിലെ ആദ്യത്തെ ഭക്ഷണ തെരുവ് ഒരുങ്ങിയിരിക്കുന്നത്. 20ന് രാത്രി 8ന് മന്ത്രി എം.ബി. രാജേഷ് ഭക്ഷണ തെരുവ് ഉദ്ഘാടനം ചെയ്യും.

പദ്ധതി നടപ്പാക്കുന്നത് ഭക്ഷ്യ സുരക്ഷാ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, കോർപറേഷൻ എന്നിവ ചേർന്നാണ്. ബീച്ചിൽ 240 മീറ്റർ നീളത്തിലാണ് ഭക്ഷണത്തെരുവ് ഒരുക്കിയത്. ബീച്ചിൽ നടപ്പാതയോട് ചേർന്നാണ് ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുള്ളത്. ഈ 90 ഉന്തുവണ്ടികളല്ലാതെ മറ്റ് കച്ചവടങ്ങളൊന്നും ബീച്ചിൽ കോർപറേഷൻ അനുവദിക്കില്ല. വെള്ളം, വൈദ്യുതി സൗകര്യങ്ങളെല്ലാം മുഴുവൻ ഉന്തുവണ്ടികളിലും ഒരുക്കിയിട്ടുണ്ട്. ഭക്ഷണവും വെള്ളവുമെല്ലാം ചൂടോടെ സൂക്ഷിക്കാനുള്ള സൗകര്യവുമുണ്ട്. വൈദ്യുതി കണക്‌ഷൻ നൽകൽ 2 ദിവസത്തിനുള്ളിൽ പൂർത്തിയാകും.
