
അന്താരാഷ്ട്രാ ടൂറിസം കേന്ദ്രമാകൻ ഒരുങ്ങി കോഴിക്കോട്
കോഴിക്കോട്: സംസ്ഥാന ടൂറിസം വകുപ്പ് നിർദ്ദേശിച്ചതനുസരിച്ച് കേന്ദ്രാനുമതി ലഭിച്ച രണ്ടു പദ്ധതികളുടേയും പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. 155 കോടിയുടെ രണ്ട് ടൂറിസം പദ്ധതികൾക്ക് കഴിഞ്ഞ ദിവസം ആണ് കേന്ദ്ര ടൂറിസം മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചത്. 95.34 കോടിയുടെ സർഗാലയ ഗ്ലോബൽ ഗേറ്റ് വേ ടു മലബാർ കൾച്ചറൽ ക്രൂസിബിൾ, 59.71 കോടി രൂപയുടെ കൊല്ലം ബയോഡൈവേഴ്സിറ്റി ആൻഡ് റിക്രിയേഷണൽ ഹബ്ബ് എന്നീ പദ്ധതികൾക്കാണ് ഫണ്ട് അനുവദിച്ചത്.
മലബാറിന്റെ പൈതൃകവും ഭൂമിശാസ്ത്രവും സാംസ്കാരിക സമ്പത്തുകളും ഉപയോഗിച്ച് ലോകോത്തര പൈതൃക വിനോദസഞ്ചാര കേന്ദ്രത്തെ സൃഷ്ടിക്കുന്നതിനുള്ള സമഗ്രമായ പദ്ധതിയാണ് സർഗാലയ ഗ്ലോബൽ ഗേറ്റ് വേ ടു മലബാർ കൾച്ചറൽ ക്രൂസിബിൾ. മലബാറിന്റെ പരമ്പരാഗത കലകളെയും കലാരൂപങ്ങളെയും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും, ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വിനോദോപാധികൾക്ക് പ്രചരണം കൊടുക്കുകയും, പ്രാദേശിക തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയുമാണ് പ്രധാന ലക്ഷ്യങ്ങൾ.
പദ്ധതിയുടെ ഭാഗമായി ബേപ്പൂർ വരെ നീളുന്ന നിരവധി പൈതൃക സർക്യൂട്ടുകൾ നിർദ്ദേശിച്ചിട്ടുണ്ട്. അവ ആധുനിക സങ്കേതങ്ങളെ ഉപയോഗിച്ച് സഞ്ചാരികൾക്ക് മറക്കാനാവാത്ത അനുഭവങ്ങൾക്ക് സാക്ഷ്യം വഹിക്കാവുന്ന രീതിയിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്. കളരിപയറ്റ് പോലുള്ള ആയോധന കലകളെ അടിസ്ഥാനമാക്കിയ പദ്ധതികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മലബാറിന്റെ വിഭവസമൃദ്ധമായ പാചക പാരമ്പര്യത്തിൽ, അപൂർവ്വമായ ഒരു സഞ്ചാര അനുഭവം നൽക്കുന്ന ഫുഡ് ടൂറിസം പദ്ധതികളും നിർദേശിച്ചിട്ടുണ്ട്. കോഴിക്കോടിന് ലഭിച്ച യുനെസ്കൊയുടെ സിറ്റി ഓഫ് ലിറ്ററേച്ചറിനെ അടിസ്ഥാനപ്പെടുത്തി എഴുത്തിനേയും എഴുത്തുകാരേയും മറ്റ് സർഗാത്മക പ്രവർത്തനങ്ങളെയും ശക്തിപ്പെടുത്താനുള്ള പദ്ധതികളുമുണ്ട്. പ്രാദേശിക പൈതൃകസമ്പത്തിനെ സംരക്ഷിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും ജനകീയ ഇടപെടൽ കൂടി ഉറപ്പാക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് .