
അന്യസംസ്ഥാന ഡ്രൈവിങ് ലൈസൻസ്; വിലാസം മാറ്റാൻ വാഹനം ഓടിക്കണം
- വാഹന നിയമ പ്രകാരം രാജ്യത്ത് എവിടെനിന്നും പൗരന്മാർക്ക് ലൈസൻസ് എടുക്കാം
തൃശ്ശൂർ: മറ്റു സംസ്ഥാനങ്ങളിലെ ഡ്രൈവിങ് ലൈസൻസുകളുടെ മേൽവിലാസം കേരളത്തിലേക്ക് മാറ്റാൻ കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് നിർദശിക്കുന്ന രീതിയിൽ വാഹനം ഓടിച്ചു കാണിക്കണം. എന്നാൽ മാത്രമേ കേരളത്തിലെ മേൽവിലാസത്തിലേക്ക് മാറ്റം സാധ്യമാകുകയുള്ളു. അയൽ സംസ്ഥാനങ്ങളിൽ ലൈസൻസ് കിട്ടാൻ എളുപ്പമാണ് അതിനാൽ കേരളത്തിലെ സ്ഥിരതാമസക്കാർ അവിടങ്ങളിൽ പോയി ലൈസൻസ് എടുത്തുവരാറുണ്ട്. ഇതുമൂലമാണ് മേൽവിലാസ മാറ്റത്തിന്റെ നിബന്ധന കർശനമാക്കിയതെന്നുമാണ് മോട്ടോർ വാഹന വകുപ്പ് നൽകുന്ന വിശദീകരണം.അപേക്ഷകന് വാഹനം ഓടിക്കാൻ അറിയാമെന്ന് ബോധ്യപ്പെടാൻ റോഡ് ടെസ്റ്റ് നടത്തണോ വേണ്ടയോ എന്നതിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് തീരുമാനമെടുക്കാം. എന്നാൽ സ്വന്തമായി ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറല്ലാത്തതിനാൽ മിക്ക മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും റോഡ് ടെസ്റ്റ് നടത്തി വരുന്നുണ്ട്.

മറ്റു സംസ്ഥാനങ്ങളിൽ നിന്നെടുത്ത ലൈസൻസ് കാലാവധിയെത്തുന്നതിനു മുൻപേ പുതുക്കാൻ പോലും കേരളത്തിൽ റോഡ് ടെസ്റ്റ് ആവശ്യമില്ലായിരുന്നു. മോട്ടോർ വാഹന നിയമ പ്രകാരം രാജ്യത്ത് എവിടെനിന്നും പൗരന്മാർക്ക് ലൈസൻസ് എടുക്കാം. ലൈസൻസ് അനുവദിക്കുന്നതിന് രാജ്യത്താകമാനം ഒരേ മാനദണ്ഡമാണ്. എന്നാൽ കേരളത്തിൽ ലൈസെൻസ് അനുവദിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.