അപകടപ്പാതയായി തൊണ്ടയാട് ബൈപാസ്

അപകടപ്പാതയായി തൊണ്ടയാട് ബൈപാസ്

  • പാച്ചാക്കലിലും അപകടം പതിവാക്കുന്നു

കോഴിക്കോട് : അശ്രദ്ധമായി വാഹനമോടിക്കുന്നത് കാരണം തൊണ്ടയാട് മേൽപ്പാതയ്ക്ക് സമീപവും പാച്ചാക്കൽ ജങ്ഷനിലും അപകടം പതിവാക്കുകയാണ്. ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പാതയിൽ വേഗത നിയന്ത്രിക്കാൻ ക്രാഷ് ബാരിയറുകളോ ഡിവൈഡറുകളോ ഇല്ല.

അതേ സമയം തൊണ്ടയാട് ജങ്ഷനിൽ നിന്ന് മലാപ്പറമ്പ് ഭാഗത്തേക്കുള്ള സർവീസ് റോഡിലൂടെ വരുന്ന വാഹനങ്ങൾ മേൽപ്പാതയിൽ നിന്ന് വരുന്ന വാഹനങ്ങളെ വകവെക്കാതെ ദേശീയപാതയിലേക്ക് വരുന്നതാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്. മേൽപ്പാലത്തിലൂടെ ഇറങ്ങി വരുന്ന വാഹനങ്ങൾക്ക് സർവീസ് റോഡിലൂടെ വരുന്ന വണ്ടികളെ കാണാനാവാത്തത്തും അപകടത്തിനു കാരണമാവുന്നുണ്ട്.
സർവീസ് റോഡിലൂടെ വരുന്ന വാഹനങ്ങളാകട്ടെ സ്റ്റാർ കെയർ ആശുപത്രിയുടെ മുന്നിലൂടെ ദേശീയപാതയിലേക്ക് കയറാനുള്ള വഴിയുണ്ടെങ്കിലും മേൽപ്പാത കഴിയുന്നിടത്തുനിന്നുതന്നെ ദേശീയപാതയിലേക്ക് കയറുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്.

കോട്ടൂളിയിൽ നിന്ന് ചേവരമ്പലത്തിലേക്ക് പോകുന്ന ബൈപ്പാസ് ദേശീയ പാതയിലെത്തുന്നയിടത്താണ് അപകടം പതിവായ മറ്റൊരു സ്ഥലം. മലാപ്പറമ്പിൽ നിന്നും തൊണ്ടയാട് നിന്നും അതിവേഗത്തിൽ വരുന്ന വാഹനങ്ങൾ ബൈപ്പാസിലൂടെ വരുന്ന വാഹനങ്ങൾക്ക് എതിർവശത്തേക്ക് കടക്കാൻ തടസമാവുന്നുണ്ട്. ദേശീയപാത വീതി കൂട്ടിയതിനാൽ അമിതവേഗത്തിലാണ് വാഹനങ്ങൾ കടന്നുപോകുന്നതും. വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ പ്രദേശത്ത് സൂചനാ ബോർഡുകൾ സ്ഥാപിച്ചിട്ടുമില്ല. റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്ന കാൽനടയാത്രക്കാർക്കും ഇത് ഭീഷണിയാണ്. അതുകൊണ്ടു തന്നെ അപകടങ്ങൾ നിയന്ത്രിക്കാൻ സൂചനാ ബോർഡുകൾ സ്ഥാപിക്കുകയും വാഹനങ്ങളുടെ വേഗം കുറയ്ക്കാനുള്ള സംവിധാനങ്ങൾ ഇവിടെ ഒരുക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )