അമീബിക് മസ്തിഷ്കജ്വരം: ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു

അമീബിക് മസ്തിഷ്കജ്വരം: ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു

  • പരിശോധനാഫലം നെഗറ്റീവ് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന മറ്റു നാല് കുട്ടികളും ആശുപത്രി വിട്ടു
  • പതിനായിരത്തിൽ ഒരാൾക്കുമാത്രം ബാധിക്കുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്

കോഴിക്കോട് : അമീബിക് മസ്തിഷ്കജ്വരം (അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ്) ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു. മലപ്പുറം കളിയാട്ടമുക്ക് പടിഞ്ഞാറേപ്പീടിയേക്കൽ ഹസ്സൻകോയയുടെ മകൾ ഫദ്‌വ ആണ് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ മരിച്ചത്.

കടലുണ്ടി പുഴയിൽ കുളിച്ചതിനെ തുടർന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ പനിയും തലവേദനയും വന്ന കുട്ടിയെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാൽ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് 8 ദിവസമായി വെന്റിലേറ്ററിലായിരുന്നു.

പതിനായിരത്തിൽ ഒരാൾക്കുമാത്രം ബാധിക്കുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്. നെഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഇത് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കു പകരില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. അതേ സമയം പരിശോധനാഫലം നെഗറ്റീവായി നിരീക്ഷണത്തിൽ ഉണ്ടായിരുന്ന മറ്റു നാല് കുട്ടികളും ഇന്നലെ ആശുപത്രി വിട്ടതായി മാതൃശിശു സംരക്ഷണകേന്ദ്രം അറിയിച്ചു.

കളിയാട്ടമുക്ക് എഎംഎൽപി സ്കൂൾ നഴ്സറി വിദ്യാർത്ഥിനിയാണ് ഫദ്‌വ. മാതാവ്: ഫസ്ന. സഹോദരങ്ങൾ: ഫൈഹ, ഫംന. ഖബറടക്കം ചൊവ്വാഴ്‌ച രാവിലെ ഒമ്പതിന് കളിയാട്ടമുക്ക് കടവത്ത് ജുമാമസ്ജിദ് കബറിസ്‌താനിൽ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )