
അമേരിക്ക – ഇസ്രയേൽ ആക്രമണ പരമ്പരയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 787 ആയി
- ഫെബ്രുവരി 28 നാണ് ഇറാനെതിരെ ആക്രമണം തുടങ്ങിയത്.
തെഹ്റാൻ : ഇറാനെതിരായ അമേരിക്ക – ഇസ്രയേൽ ആക്രമണ പരമ്പരയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 787 ആയി ഉയർന്നു. ഇറാനിയൻ റെഡ് ക്രസന്റ് ആണ് കണക്ക് പുറത്തുവിട്ടത്. തിങ്കളാഴ്ച മരണസംഖ്യ 555 ആയിരുന്നു. ഫെബ്രുവരി 28 നാണ് ഇറാനെതിരെ ആക്രമണം തുടങ്ങിയത്. ആദ്യ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടു. തുടർന്ന് ഇറാൻ അമേരിക്ക – ഇസ്രയേൽ സംഘർഷങ്ങൾ രൂക്ഷമായി.തുടർച്ചയായ നാലാം ദിവസവും ആക്രമണങ്ങൾ തുടരുകയാണ്.

ഇറാനിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളെയും സർക്കാർ ഭരണസംവിധാനങ്ങളെയും ലക്ഷ്യമിട്ടാണ് യുഎസ് -ഇസ്രയേൽ സഖ്യം സംയുക്ത വ്യോമാക്രമണം നടത്തിയത്. തുടർന്നാണ് മേഖലയിൽ നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലുകൾ ആരംഭിച്ചത്. ആയത്തുള്ള ഖമനേയിയുടെ കുടുംബാംഗങ്ങളും, ഇറാന്റെ ഉന്നത സൈനിക, രാഷ്ട്രീയ നേതൃത്വത്തിലെ പ്രമുഖരും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇറാന്റെ ആണവശേഷിയും ബാലിസ്റ്റിക് മിസൈൽ കരുത്തും തകർക്കാനാണ് തങ്ങൾ ആക്രമണം നടത്തിയതെന്ന് യു.എസ് അറിയിച്ചു.
