
അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം ; പ്രതി കസ്റ്റഡിയിൽ
- ആക്രമണത്തിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നു
ഡൽഹി: ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം. ഇന്ന് ഡൽഹിയിലെ ഗ്രേറ്റർ കൈലാശ് ഭാഗത്ത് പ്രവർത്തകർക്കും മറ്റു നേതാക്കൾക്കുമൊപ്പം പദയാത്ര നടത്തുന്നതിനിടെയാണ് ആക്രമണ ശ്രമം ഉണ്ടായത്. പദയാത്ര നടന്നുകൊണ്ടിരിക്കെ പെട്ടെന്ന് കെജ്രിവാളിനുനേരെ ഒരാൾ ദ്രാവകം എറിയുകയായിരുന്നു. ഉടൻ തന്നെ മറ്റു പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും അക്രമിയെ തടഞ്ഞു. ഉടൻ തന്നെ അക്രമിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുപ്പിയിൽ കൊണ്ടുവന്ന ദ്രാവകം കെജ്രിവാളിന്റെ സമീപത്ത് വെച്ച് ശരീരത്തിലേക്ക് ഒഴിക്കാൻ ശ്രമിക്കുകയായിരുന്നു. ദ്രാവകത്തിന്റെ തുള്ളികൾ കെജ്രിവാളിൻ്റെ ശരീരത്തിൽ വീണെങ്കിലും അപകടമൊന്നും ഉണ്ടായില്ല.

ആക്രമണത്തിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തിൽ കെജ്രിവാളിനും പ്രവർത്തകർക്കും മറ്റു പ്രശ്നങ്ങളൊന്നുമില്ല. ഏതുതരം ദ്രാവകമാണ് എറിയാൻ ശ്രമിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും ഡൽഹി പോലീസ് അറിയിച്ചു.
