അറ്റകുറ്റപണി; മാങ്കാവ് പാലം ഇന്ന് മുതൽ മൂന്ന് ദിവസം അടച്ചിടും

അറ്റകുറ്റപണി; മാങ്കാവ് പാലം ഇന്ന് മുതൽ മൂന്ന് ദിവസം അടച്ചിടും

  • ഹ്രസ്വദൂര ബസുകൾ പാളയം-കല്ലായി-മീഞ്ചന്ത-ചെറുവണ്ണൂർ റൂട്ടിൽ സർവ്വീസ് നടത്തും

കോഴിക്കോട് : മീഞ്ചന്ത-അരയടത്തുപാലം ബൈപാസ്‌ റോഡിലെ മാങ്കാവ് പാലം അറ്റകുറ്റപണികൾക്കായി ഇന്ന് രാത്രി പത്തുമണി മുതൽ മൂന്ന് ദിവസത്തേക്ക് പൂർണമായും അടച്ചിടും. കോഴിക്കോട് നിന്നും രാമനാട്ടുകര വഴി സർവ്വീസ് നടത്തുന്ന ദീർഘദൂര ബസുകൾ പുതിയറ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു അരയടത്തുപാലം-തൊണ്ടയാട്-പന്തീരാങ്കാവ് വഴി രാമനാട്ടുകരയിലേക്ക് ആണ് എത്തേണ്ടത്.

രാമനാട്ടുകര ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ദീർഘദൂര ബസുകൾ രാമനാട്ടുകര ബസ്റ്റാന്റിൽ നിന്നും പന്തീരാങ്കാവ് ബിഎസ്‌എൻഎൽ ജംഗ്ഷൻ-മാങ്കാവ് ജംഗ്ഷൻ-അരയടത്തുപാലം വഴി പുതിയസ്റ്റാൻഡിൽ എത്തേണ്ടതാണ്. കോഴിക്കോട് നിന്നും രാമനാട്ടുകര വഴി സർവ്വീസ് നടത്തുന്ന ഹ്രസ്വദൂര ബസുകൾ പാളയം-കല്ലായി-മീഞ്ചന്ത-ചെറുവണ്ണൂർ വഴി പോകേണ്ടതും തിരികെ ഇതേ റൂട്ടിൽ തന്നെ സർവ്വീസ് നടത്തേണ്ടതാണ്. കോഴിക്കോട് നിന്നും മാങ്കാവ്-മീഞ്ചന്ത-ഫറോക്ക് ഭാഗത്തേക്ക് പോകേണ്ട മറ്റു വാഹനങ്ങൾ പാളയം-കല്ലായി-മീഞ്ചന്ത വഴിയും, കോഴിക്കോട് നിന്നും രാമനാട്ടുകര ഭാഗത്തേക്ക് പോകേണ്ട മറ്റു വാഹനങ്ങൾ തൊണ്ടയാട്-പന്തീരാങ്കാവ് വഴി പോകേണ്ടതാണ് എന്നും അധികൃതർ വ്യക്തമാക്കി.

ബൈപാസ്‌ റോഡിൽ ഗതാഗത കുരുക്കിന് സാധ്യതയുള്ളതിനാൽ കോഴിക്കോട് സിറ്റിയുടെ വടക്കു ഭാഗത്തു നിന്നും കോഴിക്കോട് എയർപോർട്ടിലേക്ക് പോകേണ്ട വാഹനങ്ങൾ തൊണ്ടയാട്-മെഡിക്കൽകോളേജ്-എടവണ്ണപാറ റൂട്ട് വഴിയാണ് പോവേണ്ടത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )