
അവഗണനയുടെ സ്മാരകമായി മുടപ്പിലാവിൽ ഗുഹ
- ജില്ലയിലെ എട്ട് സംരക്ഷിത ചരിത്ര സ്മാരകങ്ങളിലൊന്നും ഏക സംരക്ഷിത ചെങ്കൽ ഗുഹയുമാണിത്
വടകര :മഹാശിലായുഗ കാലത്തെ മനുഷ്യവാസം അടയാളപ്പെടുത്തിയ മുടപ്പിലാവിൽ ഗുഹ സംരക്ഷണം തേടുന്നു. ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണ്. എന്നാൽ സംരക്ഷിത ചരിത്ര സ്മാരകമായ ഗുഹ അധികൃതരുടെ അവഗണനയാൽ സംരക്ഷിക്കപ്പെടാതെ നശിച്ചു പോവുകയാണ്. കോഴിക്കോട് ജില്ലയിലെ എട്ട് സംരക്ഷിത ചരിത്ര സ്മാരകങ്ങളിലൊന്നും ഏക സംരക്ഷിത ചെങ്കൽ ഗുഹയുമാണിത്.

മണിയൂർ പഞ്ചായത്തിലെ മുടപ്പിലാവിൽ കീഴൽ റോഡിന് സമീപമാണ് മഹാശിലായുഗ സ്മാരകമായ ഗുഹ സ്ഥിതി ചെയ്യുന്നത്. പല സ്ഥലങ്ങളിലും ഗുഹകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയൊന്നും സംരക്ഷിക്കപ്പെട്ടിട്ടില്ല. ചരിത്രസ്മാരകങ്ങളായ കുഞ്ഞാലിമരക്കാർ മ്യൂസിയവും ലോകനാർകാവും കാണാനെത്തുന്ന സഞ്ചാരികൾക്കും ചരിത്രാന്വേഷികൾക്കും അവിടെ നിന്നും വളരെ എളുപ്പത്തിൽ എത്താവുന്നതാണ് ഈ സ്ഥലവും ഗുഹാപരിസരവും. എന്നാൽ സംരക്ഷിത സ്മാരകം ആണെന്നുള്ള യാതൊരു സൂചനയും ഇവിടെയില്ല.
ചെറിയ ഒരു പ്രവേശന മാർഗ്ഗമാണ് ഗുഹയിലേക്കുള്ളത്.

അകത്ത് ഒരു മീറ്ററോളം ഉയരവും രണ്ട് മീറ്റർ വിസ്താരവുമുണ്ട് മധ്യഭാഗത്ത് ഒരു തൂണും വശത്ത് ഒരു കൽബെഞ്ചും ഉണ്ട് ഇവിടെനിന്ന് മൺപാത്രങ്ങളും ഇരുമ്പിന്റെ അവശിഷ്ടവും ലഭിച്ചിട്ടുണ്ട്. മഹാ ശിലായുഗത്തെപ്പറ്റി പഠിക്കുന്ന കുട്ടികൾ പോലും ഈ സ്മാരകം തിരിച്ചറിയപ്പെടാതെ പോകുന്നുവെന്നത് വളരെ ദുഃഖകരമാണെന്ന് പരിസരവാസികൾ പറയുന്നു.

ഇത് സംരക്ഷിത ചരിത്രസ്മാരകമാണെന്നും അതിന്റെ പ്രാധാന്യം സൂചിപ്പിക്കുന്ന ഒരു ബോർഡ് ഉടൻ സ്ഥാപിക്കുന്നത് ചരിത്ര സ്മാരകം തിരിച്ചറിയാനും സംരക്ഷിക്കാനും സഹായകരമാകുമെന്നും പരിസരവാസികൾ ചൂണ്ടിക്കാട്ടി. ചരിത്ര സ്മാരകമായ ഗുഹ സംരക്ഷിക്കാൻ വേണ്ടി ഐക്യകേരള വായനശാല ആൻഡ് ഗ്രന്ഥാലയം സമീപിച്ചപ്പോൾ അനുകൂലമായി പ്രതികരിച്ചെങ്കിലും പിന്നീട് യാതൊരുവിധ തുടർ പ്രവർത്തനവും പുരാവസ്തു വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

ഗുഹ സംരക്ഷിക്കണമെന്ന് ആവശ്യപെട്ട് മുടപ്പിലാവിൽ ഐക്യ കേരള വായനശാല ആൻഡ് ഗ്രന്ഥലയം പുരാവസ്തു വകുപ്പിനെ നേരത്തെ അറിയിച്ചിരുന്നു. അതേ സമയം ഗുഹയുടെ സംരക്ഷണത്തിനായി ജനകീയ സംരക്ഷണ സദസ് സംഘടിപ്പിക്കാനൊരുങ്ങുകയാണ് വായനശാലയെന്ന് അദ്ധ്യാപകനും പരിസരവാസിയുമായ മനോജ് കുമാർ സി.പി പറഞ്ഞു.
