
അവധി അനുവദിച്ചില്ല എന്നാരോപിച്ച് പോലീസ് സ്റ്റേഷനിലെ വാട്സ് ആപ്പ് ഗ്രൂപ്പിൽ നാടക ഗാനം പോസ്റ്റ് ചെയ്ത എസ്ഐക്ക് സ്ഥലം മാറ്റം
- എലത്തൂർ സ്റ്റേഷനിലെ എസ്ഐയെ ഫറോക്ക് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്
കോഴിക്കോട് :അവധി അനുവദിച്ചില്ല എന്നാരോപിച്ച് പോലീസ് സ്റ്റേഷനിലെ വാട്സ് ആപ്പ് ഗ്രൂപ്പിൽ നാടക ഗാനം പോസ്റ്റ് ചെയ്ത എസ്ഐക്ക് സ്ഥലം മാറ്റം. എലത്തൂർ സ്റ്റേഷനിലെ എസ്ഐയെ ഫറോക്ക് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത് . എലത്തൂർ സ്റ്റേഷനിലെ വാട്‌സാപ്പ് ഗ്രൂപ്പിൽ ആണ് ‘പാമ്പുകൾക്ക് മാളമുണ്ട് ‘ എന്ന പാട്ടിന്റെ ഓഡിയോ ഫയൽ എസ്ഐ പോസ്റ്റ് ചെയ്തത്. ‘ഈ പാട്ടിന് സ്റ്റേഷനിലെ സംഭവങ്ങളുമായി ബന്ധമില്ല’ എന്നും എസ്‌ഐ ഗ്രൂപ്പിൽ കുറിച്ചു. അവധി ആവശ്യപ്പെട്ടിട്ടും മേൽ ഉദ്യോഗസ്ഥൻ അനുവദിച്ചില്ല എന്ന് ആരോപിച്ചായിരുന്നു എസ്ഐയുടെ പരിഹാസ രൂപത്തിലുള്ള പ്രതിഷേധം. ഇതിനു പിന്നാലെയാണ് സംഭവത്തിൽ നടപടി ഉണ്ടായത്.

ഫറോക്ക് എസിപി അന്വേഷിച്ച് റിപ്പോർട്ട് നൽകിയതിന് പിന്നാലെ എസ് ഐയെ സ്ഥലം മാറ്റി. അതേസമയം ആവശ്യത്തിന് അവധി നൽകിയില്ല എന്ന ആരോപണം മേൽ ഉദ്യോഗസ്ഥർ നിഷേധിച്ചു. ഈ വർഷം ഇതുവരെ 20 ഓളം ദിവസങ്ങളിൽ എസ്ഐ അവധി എടുത്തിട്ടുണ്ടെന്നാണ് മേൽ ഉദ്യോഗസ്ഥർ പറയുന്നത് .