
അശാസ്ത്രീയനിർമിതികൾ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലാക്കി.
- ജെസിബി ഉപയോഗിച്ച് കെട്ടിടത്തിലെ ചില്ലുകളും ഷീറ്റുകളും കടയുടെ ബോർഡുകളും തകർത്താണ് കെട്ടിടത്തിനകത്തേക്ക് വെള്ളമെത്തിച്ചത്
കോഴിക്കോട് : കെട്ടിടത്തിന് മൂന്നുഭാഗത്തും ഫയർ എൻജിൻ നിർത്തിയിട്ട് തീയണയ്ക്കാൻ സൗകര്യമുണ്ടായിട്ടും അശാസ്ത്രീയനിർമിതികൾ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലാക്കി. കെട്ടിടത്തിനുചുറ്റും തകരഷീറ്റുകളും പ്ലാസ്റ്റിക് ബോർഡുകളുംകൊണ്ട് മൂടിയതായതിനാൽ വെള്ളം അകത്തേക്കെത്തിയില്ല. കനത്തപുകയും തീയും കാരണം കെട്ടിടത്തിനകത്തുകയറി തീയണയ്ക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു. കെട്ടിടത്തിന്റെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽനിന്ന് ഒരേസമയം നാലും അഞ്ചും എൻജിനുകൾ വെള്ളം ചീറ്റിയെങ്കിലും തീയണയ്ക്കാനായില്ല. ബസ് സ്റ്റാൻഡിനുള്ളിൽനിന്ന് കെട്ടിടത്തിനകത്തേക്ക് വെള്ളം ചീറ്റാനായി മൂന്ന് ദ്വാരങ്ങൾമാത്രമേ ഉണ്ടായിരുന്നുള്ളൂ.

ബാക്കിഭാഗങ്ങളെല്ലാം ഷീറ്റുകൊണ്ട് മൂടിയ നിലയിലായിരുന്നു. ഇവിടങ്ങളിലൂടെ വെള്ളം ചീറ്റിച്ച് പലതവണ തീയണച്ചെങ്കിലും വീണ്ടും തീ ആളിപ്പടർന്നു. 6.45-ഓടെ കോഴിക്കോട് വിമാനത്താവളത്തിൽനിന്നെത്തിച്ച വലിയ ക്രാഷ് ടെൻഡർ ഉപയോഗിച്ച് വെള്ളം ചീറ്റിച്ചതോടെ ഷീറ്റുകളിൽ ചിലത് തകർന്നു. ജെസിബി ഉപയോഗിച്ച് കെട്ടിടത്തിലെ ചില്ലുകളും ഷീറ്റുകളും കടയുടെ ബോർഡുകളും തകർത്താണ് കെട്ടിടത്തിനകത്തേക്ക് വെള്ളമെത്തിച്ചത്