
അൻവർ വലതുപക്ഷത്തിന്റെ കോടാലി-എം.വി. ഗോവിന്ദൻ
- അൻവറിന് പാർട്ടിയുടെ സംഘടനാ സംവിധാനത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ല
തിരുവനന്തപുരം :മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനുമെതിരേ പോരിനിറങ്ങിയ നിലമ്പൂർ എംഎൽഎ പി.വി. അൻവറിനെതിരേ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അൻവർ വലതുപക്ഷത്തിൻ്റെ കോടാലിയാണെന്നും പ്രതിപക്ഷത്തിന്റെ കളിപ്പാവയാണെന്നും ഗോവിന്ദൻ വിമർശിച്ചു.

കോൺഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നു വന്ന അൻവറിന് സിപിഎമ്മിനെയും അതിൻ്റെ സംഘടനാ സംവിധാനത്തെക്കുറിച്ചും ഒരു ധാരണയുമില്ലെന്നും വ്യക്തമായതായി ഗോവിന്ദൻ പറഞ്ഞു.
സിപിഎമ്മിനെ തകർക്കാൻ കാലങ്ങളായി വലതുപക്ഷ രാഷ്ട്രീയ ശക്തികളും അവരുടെ പിന്നിൽ അണിനിരക്കുന്ന ചില മാധ്യമങ്ങളും പ്രചാരണം നടത്തി വരികയാണ്. അത് ഏറ്റുപിടിക്കുന്ന നിലപാടാണ് അൻവർ സ്വീകരിച്ചിരിക്കുന്നതെന്നും അൻവറിന്റെ നിലപാടിനെതിരേ ജനങ്ങളും സഖാക്കളും രംഗത്തിറങ്ങണമെന്നും ഗോവിന്ദൻ പറഞ്ഞു.