
അർജുന് വേണ്ടി തിരച്ചിലിന് ഐബോർഡ് സംവിധാനം
- അത്യാധുനിക സംവിധാനങ്ങളുടെ പിന്തുണയോടെ മുങ്ങൽ വിദഗ്ധരെ ലോറിക്കടുത്തേക്ക് എത്തിക്കുന്നതിനാണ് ഇപ്പോൾ നീക്കം നടത്തിക്കൊണ്ടിരിക്കുന്നത്
ഷിരൂർ : പത്താംനാളിലേക്ക് നീണ്ട് അർജുനായുള്ള കാത്തിരിപ്പ്. ഇന്ന് അർജുനെ കണ്ടെത്താൻ ആകുമെന്ന പ്രതീക്ഷയിലാണ് സേന. നാവികസേനയുടെ സോണാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പുഴയ്ക്ക് അടിയിൽ കണ്ടെത്തിയ ലോറി കരയിലേക്കെത്തിക്കാനുള്ള നിർണായക ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.
15 മീറ്റർ താഴ്ചയിൽ കിടക്കുന്ന ട്രക്കിനടത്തേക്ക് മുങ്ങിത്തപ്പാൻ നാവികസേനയുടെ സ്കൂബാ ടീം എത്തിയെങ്കിലും ശക്തമായ കാറ്റും മഴയും അടിയൊഴുക്കും കാരണം പുഴയിലിറങ്ങാൻ കഴിയാതെ മടങ്ങിയിരുന്നു. അത്യാധുനിക സംവിധാനങ്ങളുടെ പിന്തുണയോടെ മുങ്ങൽ വിദഗ്ധരെ ലോറിക്കടുത്തേക്ക് എത്തിക്കുന്നതിനാണ് ഇപ്പോൾ നീക്കം നടത്തിക്കൊണ്ടിരിക്കുന്നത്.

വെള്ളത്തിന്റെ അടിയൊഴുക്ക് ശക്തമാണ്. നിലവിലെ ഒഴുക്കനുസരിച്ച് ജീവന്‍തന്നെ അപകടത്തില്‍പ്പെടുന്ന ഒരു സാഹചര്യമുണ്ട്. സ്കൂബ ടീമിന് സാങ്കേതിക സഹായമൊരുക്കുന്നതിന് മലയാളിയായ റിട്ട.മേജർ ജനറൽ എം.ഇന്ദ്രബാലനടങ്ങുന്ന സംഘവും എത്തിയിട്ടുണ്ട്. വെള്ളത്തിനടിയിലുള്ള വസ്തുക്കൾ കണ്ടെത്താനുള്ള ഐബോർഡ് എന്ന അത്യാധുനിക സംവിധാനമുപയോഗിച്ചായിരിക്കും തിരച്ചിൽ.