
ആയിരമേക്കറിൽ വിരിയിച്ച പൂക്കളുമായി കുടുംബശ്രീ
- കുടുംബശ്രീയുടെ ‘നിറപ്പൊലിമ 2024’ പദ്ധതിയിലാണ് 1000 ഏക്കറിൽ പൂക്കൾ വിരിയിച്ചത്
കോഴിക്കോട്:ഓണപ്പൂ വിപണിയിൽ ഇത്തവണയും സ്റ്റാറാകാൻ കുടുംബശ്രീ. അത്തം മുതൽ കുടുംബശ്രീയുടെ പൂക്കളും വിപണിയിലെത്തിത്തുടങ്ങി. അയൽ സംസ്ഥാനത്തുനിന്നുള്ള പൂക്കൾ കിലോയ്ക്ക് 120-130 രൂപയ്ക്ക് വിൽക്കുമ്പോൾ 100 രൂപയാണ് കുടുംബശ്രീയുടെ പൂക്കളുടെ വില എന്നതും ശ്രദ്ധേയമാണ്. ജമന്തി, മുല്ല, വാടാമല്ലി, അടക്കമുള്ള പൂക്കളാണ് വിപണിയിലെത്തിയിരിയ്ക്കുന്നത്.
കുടുംബശ്രീയുടെ സംസ്ഥാന ദാരിദ്ര്യനിർമാർജനമിഷനാണ് പൊതുവിപണിവഴിയും കുടുംബശ്രീ ഫ്ളവർ കിയോസ്‌കുകളിലൂടെയുമാണ് പൂക്കൾ വിൽപ്പന നടത്തുന്നത്. കുടുംബശ്രീയുടെ ‘നിറപ്പൊലിമ 2024’ പദ്ധതിയിലാണ് 1000 ഏക്കറിൽ പൂക്കൾ വിരിയിച്ചത്.

3350 വനിതാകർഷക സംഘങ്ങൾ ചേർന്നായിരുന്നു കൃഷി. കൂടുതൽ കൃഷി തിരുവനന്തപുരത്തായിരുന്നു. 206 ഏക്കറിൽ. ഇടുക്കിയിലാണ് കുറവ്. കഴിഞ്ഞവർഷം 618 ഏക്കറിൽ പൂക്കൃഷി നടത്തിയിരുന്നു. മൂന്നുവർഷംമുൻപ് 128 ഏക്കറിൽ തുടങ്ങിയ കുടുംബശ്രീ പൂക്കൃഷിയാണ് ഇക്കുറി 1000 ഏക്കറിലെത്തിയത്. കഴിഞ്ഞവർഷം വിജയമായതോടെയാണ് ഇത്തവണ കൃഷി വ്യാപിപ്പിച്ചത്. ഒരു ജില്ലയിൽ കുറഞ്ഞത് 50 ഏക്കറിൽ കൃഷിചെയ്യണമെന്നായിരുന്നു പദ്ധതി.