
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷവിമർശനവുമായി ഹർഷിന രംഗത്ത്
- കോഴിക്കോട്ട് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
കോഴിക്കോട് : വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷവിമർശനവുമായി ഹർഷിന രംഗത്ത്. വയറ്റിൽ കത്രിക കുടുങ്ങി ശാരീരികമായും സാമ്പത്തികമായും തകർന്ന തനിക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല. ഹർഷിനക്ക് എല്ലാം നൽകിയെന്ന് മന്ത്രി കളവ് പറയുകയാണ്. മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്ന കള്ളങ്ങൾ വിശ്വസിക്കാൻ ജനങ്ങൾ പൊട്ടൻമാരാണ് എന്നാണോ മന്ത്രി കരുതരുന്നതെന്ന് ചോദിച്ച ഹർഷിന, ജനങ്ങൾക്ക് എല്ലാം മനസ്സിലാവുമെന്ന കോമൺസെൻസ് മന്ത്രിക്ക് വേണമെന്നും പറഞ്ഞു. കോഴിക്കോട്ട് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.തങ്ങൾക്കെന്ത് പിഴവ് പറ്റിയെന്നാണ് മന്ത്രി മാധ്യമങ്ങളോട് ചോദിച്ചത്. ഇക്കാര്യത്തിൽ ആരോഗ്യ മന്ത്രി 100 ശതമാനം പരാജയമാണ്. തനിക്ക് രണ്ടു ലക്ഷം രൂപ ആശ്വാസധനമായി നൽകിയെന്നാണ് മന്ത്രി പറഞ്ഞത്. ഈ തുക താൻ സ്വീകരിച്ചിട്ടില്ല.

നഷ്ടപരിഹാരം എന്ന നിലക്കാണ് അന്ന് ആ പണം വാഗ്ദാനം ചെയ്തിരുന്നത്. സമാശ്വാസമോ ചികിത്സാസഹായമോ ആയിരുന്നില്ല അത്. തന്നെ ആരോഗ്യമന്ത്രി നിരന്തരം അപമാനിക്കുകയാണ്.പ്രശ്നത്തിന് പരിഹാരം കാണാൻ മരണംവരെ പോരാടും. ആരോഗ്യ മന്ത്രി കോഴിക്കോട്ട് എത്തിയാൽ തടയുമെന്നും ഹർഷിനയും സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണയും പറഞ്ഞു.
