
ഇനി ഒരു സമയം ; രാജ്യത്ത് സമയം ഏകീകരിക്കാൻ ചട്ടങ്ങളുമായി കേന്ദ്രം
- സമയത്തിന്റെ കാര്യത്തിൽ ഐ.എസ്.ടി മാനദണ്ഡമാക്കാനാണ് ലീഗൽ മെട്രോളജി റൂൾസ് 2024ലൂടെ ലക്ഷ്യമിടുന്നത്
ന്യൂഡൽഹി:രാജ്യത്ത് ഔദ്യോഗിക, വാണിജ്യ ആവശ്യങ്ങൾക്കും സ്ഥാപനങ്ങൾക്കും ഏകീകൃത ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം (ഐ.എസ്.ടി) നിർബന്ധമാക്കാൻ നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. എല്ലാവിധ വ്യവഹാരങ്ങൾക്കും സമയത്തിന്റെ കാര്യത്തിൽ ഐ.എസ്.ടി മാനദണ്ഡമാക്കാനാണ് ലീഗൽ മെട്രോളജി (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം) റൂൾസ് 2024ലൂടെ ലക്ഷ്യമിടുന്നത്.

കോടതി വ്യവഹാരങ്ങളിൽ പോലും നിലവിൽ ഏകീകൃത സമയമില്ല. ഇനി മുതൽ എല്ലാ ഔദ്യോഗിക, വാണിജ്യ, നിയമ കാര്യങ്ങളിലും കൃത്യമായ ഒരേയൊരു സമയം ഉപയോഗിക്കുകയാണ് നിയമനിർമാണത്തിലൂടെ ലക്ഷ്യമാക്കുന്നത്.സർക്കാർ ഓഫിസുകളിലും മറ്റ് പൊതുസ്ഥാപനങ്ങളിലും ഐ.എസ്.ടി നിർബന്ധമായും പ്രദർശിപ്പിക്കുക, വിശ്വാസ്യതയും സൈബർ സുരക്ഷയും ഉറപ്പാക്കാൻ സമയക്രമീകരണം ഏർപ്പെടുത്തുക, ഔദ്യോഗികവും വാണിജ്യപരവുമായ ആവശ്യങ്ങൾക്കായി ഐ.എസ്.ടി ഒഴികെയുള്ള സമയങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക തുടങ്ങിയവയാണ് കരട് ചട്ടത്തിലെ മറ്റ് പ്രധാന നിർദേശങ്ങൾ.ടെലികമ്യൂണിക്കേഷൻസ്, ബാങ്കിങ്, പ്രതിരോധം, പുത്തൻ സാങ്കേതിക വിദ്യകൾ, ഐ.ഐ, സൈബർ സെക്യൂരിറ്റി തുടങ്ങിയ മേഖലകളിൽ ചെറിയ സമയവ്യത്യാസം പോലും ഏറെ നിർണായകമാണെന്നും സമയകൃത്യത ഉറപ്പാക്കൽ ഈ രംഗങ്ങളിൽ പ്രധാനപ്പെട്ടതാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തെ പൊതുജനങ്ങളിൽ നിന്നും ഉപഭോക്തൃ മന്ത്രാലയം അഭിപ്രായം ക്ഷണിച്ചിട്ടുണ്ട്. ഫെബ്രുവരി 14നകം അഭിപ്രായം അറിയിക്കണമെന്നാണ് നിർദ്ദേശം.dirwm-ca@nic.in എന്ന ഇ- മെയിലിൽ നിർദേശങ്ങൾ അറിയിക്കാം.