
ഇന്ത്യ-ചൈന നേരിട്ടുള്ള വിമാനസർവീസ് പുനരാരംഭിക്കുന്നു
- ഒക്ടോബർ 26 മുതൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ഇൻഡിഗോ എയർലൈൻസ് പ്രഖ്യാപിച്ചു
ന്യൂഡൽഹി:അഞ്ചു വർഷങ്ങൾക്കു ശേഷം ഇന്ത്യ-ചൈന നേരിട്ടുള്ള വിമാനസർവീസ് പുനരാരംഭിക്കുന്നു. ഗാൽവാൻ സംഘർഷങ്ങൾക്കൊടുവിൽ അടുത്ത കാലത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലായതോടെയാണ് പുതിയ പ്രഖ്യാപനം. ഒക്ടോബർ 26 മുതൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ഇൻഡിഗോ എയർലൈൻസ് പ്രഖ്യാപിച്ചു.വിമാനസർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയെന്ന് വിദേശകാര്യമന്ത്രാലയം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ഇൻഡിഗോ, സർവീസ് പ്രഖ്യാപിച്ചത്. കൊൽക്കത്തയെ ഗ്വാങ്ഷൂവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള സർവീസാണ് ആരംഭിക്കുന്നത്.

അതിർത്തി കടന്നുള്ള വ്യാപാരത്തിനും തന്ത്രപരമായ ബിസിനസ് പങ്കാളിത്തങ്ങൾക്കും പുതിയ വഴികൾ തുറക്കുന്ന സർവീസ് ഇരു രാജ്യങ്ങൾക്കുമിടയിൽ ടൂറിസം പ്രോത്സാഹിപ്പിക്കാനും കാരണമാകും. ഈ വിമാന സർവീസുകൾക്കായി ഇൻഡിഗോ എയർബസ് എ320 നിയോ വിമാനങ്ങളാണ് ഉപയോഗിക്കുക.ഗാൽവാൻ പ്രതിസന്ധിക്ക് പിന്നാലെ നിർത്തിവെച്ച വിമാനങ്ങൾ കോവിഡ്-19 മഹാമാരി കാരണം വീണ്ടും വൈകുകയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഉഭയകക്ഷി ബന്ധങ്ങളിൽ കാര്യമായ പുരോഗതികളുണ്ടായ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
