
ഇന്ന് മുതൽ ശനിയാഴ്ച വരെ കേരളാ ബാങ്ക് ജീവനക്കാർ സംസ്ഥാന വ്യാപകമായി പണിമുടക്കും
- കേരളാ ബാങ്ക് എംപ്ലോയീസ് കോൺഗ്രസിന്റെ നേതൃത്വത്തിലാണ് സമരം
തിരുവനന്തപുരം:ഇന്ന് മുതൽ ശനിയാഴ്ച വരെ കേരളാ ബാങ്ക് ജീവനക്കാർ സംസ്ഥാന വ്യാപകമായി പണിമുടക്കും. കേരളാ ബാങ്ക് എംപ്ലോയീസ് കോൺഗ്രസിന്റെ നേതൃത്വത്തിലാണ് സമരം .

ബാങ്കിന്റെ സംസ്ഥാനത്തെ 823 ശാഖകളിലെയും ഹെഡ് ഓഫീസിലെയും റീജണൽ ജില്ലാ ഓഫീസുകളിലെയും ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കും. ജീവനക്കാരുടെ കുടിശ്ശികയായ 39 ശതമാനം ക്ഷാമ ബത്ത അനുവദിക്കുക, കാലാവധി കഴിഞ്ഞ് മൂന്ന് വർഷമായ ശമ്പള പരിഷ്ക്കരണത്തിന് കമ്മിറ്റിയെ നിയമിക്കുക, ബാങ്കിലെ രണ്ടായിരത്തോളം ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യുക, മലപ്പുറം ജില്ലയിലെ ജീവനക്കാരുടെ തടഞ്ഞുവെച്ച പ്രമോഷനുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ സർക്കാരും സഹകരണ മന്ത്രിയും മാനേജ്മെന്റും സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ആവശ്യങ്ങൾക്ക് പരിഹാരമുണ്ടാകുന്നില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടുപോകുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്.