നാട്ടുഭാഷ -കൂട്ടു ജീവിതത്തിന്റെ ആണിക്കല്ല്.

നാട്ടുഭാഷ -കൂട്ടു ജീവിതത്തിന്റെ ആണിക്കല്ല്.

നാട്ടുഭാഷയുടെ ഭംഗിയും ഒഴുക്കും ഒരനുഭവം തന്നെയാണ്. ഒരു സമൂഹത്തിന്റെ കൂട്ടു ജീവിതത്തിന്റെ ആണിക്കല്ലാണ് ഇത്തരം ഭാഷയും,ഭാഷാ പ്രയോഗവും,അതു വഴി നടക്കുന്ന ആശയ വിനിമയവും. ഇപ്പോൾ ഇത്തരം ഭാഷകൾക്ക് ഇടം നഷ്ടമാകുന്നു.

കടൽത്തീരങ്ങളിലെ ഭാഷ ഇത്തരത്തിലുള്ള ഒന്നാണ്.ഓരോ പ്രദേശത്തും ഓരോ തരത്തിലുള്ള വാക്കുകളും പ്രയോഗങ്ങളും ഉച്ചാരണങ്ങളും ശൈലികളും.

കൊയിലാണ്ടി,വടകര,മാഹി,കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലും, കൂടാതെ,തെക്കൻ ഭാഗങ്ങളിലെ തീര ദേശങ്ങളിലും ഈ ഭാഷാ വൈവിധ്യം കാണാം.

കൊയിലാണ്ടി ഭാഗത്തെ ചില ഭാഷാ പ്രയോഗങ്ങൾ :

പൈയ്ച്ചിട്ട് പൊറുത്തൂട, അധികം വലിച്ചു കേറ്റണ്ട പള്ള പൊട്ടിപ്പോകും, കടലിൽ പോയി ഒന്നും കിട്ടാതെ തിരിച്ചു വരുന്നവരോട് എന്തെങ്കിലും കിട്ടിയോ എന്നു ചോദിച്ചാൽ,ബീഡി വാങ്ങാൻ പോലും അഞ്ചു പൈസ കിട്ടീല,അഞ്ചു പൈസയൊക്കെ പോയിട്ട് കാലമെത്രയായി എന്ന് അന്നേരം ആലോചിക്കുന്നതേയില്ല.

അവൻ ആളെങ്ങനെ – അവൻ മഹാകച്ചറയാണ്, ഏതു നേരവും അടിയും പെണക്കും.
എപ്പോഴും ശല്യമായ ഒരാളെക്കുറിച്ച്,നീ വല്ലാത്തൊരലസ് തന്നെയാണല്ലേ എന്നും പറയും.

കല്യാണോം വേളാമ്പോo തന്നെ എപ്പോഴും.
വല പെരയൽ,വല പെയ്യൽ,
അവൻ ഇപ്പൊ കീഞ്ഞു പോയിട്ടേയുള്ളൂ, പോണെവ്ട,കാര് കൂടുക ( കാർമേഘം കനക്കുക ),മരുന്ന് കുടിച്ചിട്ട് ഒരാക്കോം ഇല്ല ( ഒരു കുറവും ഇല്ല ), ഉയ്യന്നമ്മേ! ചോര പോണത് നോക്ക്യേ…..

നിന്നെ പള്ളേ കോയീം മക്കളും ഉണ്ടാ… അതിവിശപ്പു കാണിക്കുന്നവരോട് പറയുന്നത്.

ചോറ് തിന്നാനായിന..

പൈസ ആവശ്യപ്പെട്ട് രാവിലെ വീട്ടിൽ വരുന്നവരോട്,നേരം ബെളുക്കുമ്പൊ തന്നെ പൈസേ, അതിന് ഏതു അവളാണ്.( ഏതു = ഹേതു,കാരണം ),
കടലു പൊളിഞ്ഞ് പതം വെച്ചാ എന്തെങ്കിലും മീനെറങ്ങും, കോയി കുയ്യുമ്പോ പോയതാ ( നന്നേ പുലർച്ചക്ക് ).
………..
…………

ഇങ്ങനെ എത്ര രസാവഹമായ വാക്കുകൾ, പ്രയോഗങ്ങൾ, ശൈലികൾ…… ഭാഷയെ സുന്ദരമാക്കുന്നവ.

1-

“ഏന്റെ അച്ചേ വള്ളോം വലേം മേടിക്കാനെക്കൊണ്ടു പോവ്വാണല്ലോ. “

” കറുത്തമ്മേടെ ഭാഗ്യം. “

കറുത്തമ്മയ്ക്ക് ഉത്തരം മുട്ടിപ്പോയി. പെട്ടെന്നു തന്നെ അവൾ ആ ഘട്ടം കടന്നു കൂടി. അവൾ പറഞ്ഞു :

” പഷ് ഷേല് രൂപ തെകായാത്തീല്ല. “

” ഞങ്ങാക്ക് കുറെ രൂപ തരാവോ? “

” എന്റെ കൈയിലെവടന്നാ രൂപാ? “

പരീക്കുട്ടി കൈമലർത്തിക്കാണിച്ചു. കറുത്തമ്മ ചിരിച്ചു.

” പിന്നെന്തീനാ വല്യ കൊച്ചു മൊതലാളീ ആന്നും പറഞ്ഞു നടാക്കുന്നെ? “

” എന്നെ എന്തിനാ കൊച്ചു മുതലാളീന്നു കറുത്തമ്മ വിളിക്കുന്നെ? “

” പിന്നെന്നാ വിളീക്കാണം “

” പരീക്കുട്ടീന്നു വിളിക്കണം. “

———- ചെമ്മീൻ ( നോവൽ ), തകഴി.

2 –

” മോളേ…. നട്ടും നനച്ചും കഴിയുന്നതാ പെണ്ണുങ്ങൾക്ക്‌ നല്ലത്. തടിക്ക് ആയാസം കിട്ടും ‘ മനസ്സിന് സുഖവും കിട്ടും. നൊണയും ഫസാദും എളുപ്പം മനസ്സില് നെറയാതെ കഴിയും. പെൺകുട്ടികൾക്ക് നൊണ എളുപ്പം മനസ്സിക്കേറും. ആ കേട് കൂടാതെ ഇന്റെ മോക്ക് കഴിയാം — “

——- അറബിക്കടലിന്റെ തീരം. ( നോവൽ ).
യു. എ. ഖാദർ.


രമേഷ് ബാബു. സി. എം
✍️.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )