
ഇരുചക്ര വാഹനാപകടങ്ങൾ കൂടുന്നു
- ഈ വർഷം മാത്രം പൊലിഞ്ഞത് 36 ജീവനുകൾ
കോഴിക്കോട്: മൂന്നുമാസത്തിനിടെ ജില്ലയിലെ വിവിധ റോഡുകളിലുണ്ടായ ഇരുചക്ര വാഹനാപകടങ്ങളിൽ നഷ്ടപ്പെട്ടത് 36 ജീവൻ. മുന്നൂറിലേറെ ബൈക്കപകടങ്ങളാണ് സിറ്റി, റൂറൽ പൊലീസ് ജില്ലകളിലായി റിപ്പോർട്ട് ചെയ്തത്. ഇതിലാണ് 36 പേർക്ക് ജീവൻ നഷ്ടമായത്. മരിച്ചവരിൽ കൂടുതൽപേരും യുവാക്കളും പത്തോളം പേർ പിൻസീറ്റ് യാത്രികരുമാണ്. അമിത വേഗം, ട്രാഫിക് സിഗ്നൽ ലംഘനം, അശ്രദ്ധ എന്നിവയാണ് മിക്ക അപകടങ്ങളുടെയും കാരണമെന്നാണ് പൊലീസ് പറയുന്നത്.

സിറ്റി പൊലീസ് പരിധിയിൽ 22ഉം റൂറൽ പരിധിയിൽ 14ഉം പേരാണ് മരിച്ചത്. അപകടങ്ങളേറെയും സിറ്റി പരിധിയിലാണ്. ഹെൽമറ്റ് ധരിക്കാത്തതിനെതുടർന്ന്, അപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റായിരുന്നു മുമ്പ് കൂടുതൽ ഇരുചക്രവാഹനാപകട മരണങ്ങളും സംഭവിച്ചിരുന്നത്. എന്നാൽ, ഏറെപേരും നിലവിൽ ഹെൽമറ്റ് ധരിക്കാൻ തുടങ്ങിയതോടെ തലക്ക് ഗുരുതര പരിക്കേറ്റുള്ള അപകടങ്ങൾക്ക് പൊതുവെ കുറവുണ്ട്.

സ്വകാര്യ ബസുകൾ ഉൾപ്പെടെ വലിയ വാഹന ങ്ങളുമായി കൂട്ടിയിടിച്ചും ഇലക്ട്രിക് പോസ്റ്റ്, ചുറ്റു മതിൽ എന്നിവയിലിടിച്ചുമുള്ള അപകടങ്ങളും നിരവധിയാണ്. റോഡ് മുറിച്ചുകടക്കുന്നവരെ അമിത വേഗത്തിലെത്തുന്ന ബൈക്കുകൾ ഇടിച്ചുതെ റിപ്പിക്കുന്നതും കൂടുന്നു. ഇത്തരത്തിൽ നാലുമരണങ്ങൾ ഈ വർഷം ജില്ലയിലുണ്ടായിട്ടുണ്ട്.
