
ഇറാൻ പിടിച്ചെടുത്ത കപ്പൽ ജീവനക്കാരൻ്റെ മോചനം കാത്ത് കുടുംബം
- മറ്റൊരു ജീവനക്കാരി ആൻ ടെസ ജോസഫ് നാട്ടിലെത്തി
- കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ശ്യാംനാഥും ആൻ ടെസ ജോസഫും ഉൾപ്പെടെ നാല് മലയാളികളും മറ്റ് 21 പേരുമാണ് കപ്പലിൽ ഉള്ളത്
കോഴിക്കോട് : ഇറാൻ നാവികസേന പിടിച്ചെടുത്ത കപ്പലിലെ കോഴിക്കോട്ടുകാരനായ ശ്യാംനാഥ് തേലാം പറമ്പത്തിന്റെ ഒപ്പമുണ്ടായിരുന്ന ആൻ ടെസ ജോസഫ് കേരളത്തിലെത്തി. പെട്ടന്ന് തന്നെ ബാക്കി ഉള്ളവരെയും വിടുമെന്ന പ്രതീക്ഷയിലാണ് ശ്യാംനാഥിൻ്റെ കുടുംബം.
മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ കപ്പൽ 13-ന് രാവിലെയാണ് ഇറാൻ നാവികസേന കമാൻഡോസ് ഹെലികോപ്റ്ററിലെത്തി പിടിച്ചെടുത്തത്. പിടിച്ചെടുത്ത കപ്പലിൽ കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ശ്യാംനാഥും ആൻ ടെസ ജോസഫും ഉൾപ്പെടെ നാല് മലയാളികളടക്കം 25 ജീവനക്കാരാണുണ്ടായിരുന്നത്.
അതേ സമയം ശ്യാംനാഥിന്റെ പിടിച്ചെടുത്ത ഫോൺ ഒരുമണിക്കൂറിലേക്ക് വിളിക്കാനായി നൽകാറുണ്ട്. ശനിയാഴ്ച്‌ച സംഭവം നടന്നതിനുശേഷം തിങ്കളാഴ്ച രാത്രി വീഡിയോ കോളിലൂടെ കുടുംബവുമായി സംസാരിക്കാൻ ഫോൺ നൽകിയിരുന്നു.അതിനുശേഷം വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ വീണ്ടും ശ്യാംനാഥ് കുടുംബവുമായി ബന്ധപെട്ടു.
വീഡിയോകോളിലൂടെ അമ്മയോടും അച്ഛനോടും ഭാര്യയോടും ഒരുപാട് സമയം സംസാരിച്ചു. സുരക്ഷിതനാണെന്നും ഭക്ഷണമടക്കം ലഭിക്കുന്നുണ്ടെന്നും ശ്യാംനാഥ് കുടുംബത്തെ അറിയിച്ചിട്ടുണ്ട്.