
ഉയർന്ന താപനില ; സംസ്ഥാനത്ത് ജോലി സമയം പുനഃക്രമീകരിച്ചു
- ഫെബ്രുവരി 11 മുതൽ മെയ് 10 വരെയാണ് നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്തെ ഉയർന്ന താപനില കണത്തിലെടുത്ത് ജോലി സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ. ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം നൽകണമെന്ന് ലേബർ കമ്മീഷണർ നിർദേശം നൽകി. രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയിൽ 8 മണിക്കൂർ ജോലി സമയം ക്രമീകരിക്കണമെന്നാണ് ലേബർ കമ്മീഷണർ നിർദേശിച്ചിരിക്കുന്നത്.ചൂട് കണക്കിലെടുത്തു കൊണ്ട് ഫെബ്രുവരി 11 മുതൽ മെയ് 10 വരെയാണ് നിയന്ത്രണം ഉണ്ടാവുക. നിർമ്മാണ മേഖലയിലും റോഡ് നിർമ്മാണ ജോലിക്കാർക്കിടയിലും കർശനമായി സമയക്രമീകരണം നടപ്പാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത -നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

- പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
- പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
- നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക.
- അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
- പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക.
- പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
- മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
- ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം
