
ഉള്ളിയേരി ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡിൽ നാളെ ഉപതിരഞ്ഞെടുപ്പ്
- സംസ്ഥാനത്തെ 49 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നാളെ നടക്കുന്നുണ്ട്
ഉള്ളിയേരി: ഉള്ളിയേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പ് നാളെ. വാർഡിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നാളെ അവധി നൽകിയിട്ടുണ്ട്.
നിലവിലുണ്ടായിരുന്ന മെമ്പർ ഷിനി കക്കട്ടിൽ (സിപിഎം) രാജിവെച്ചതിനെ തുടർന്നാണ് വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. അഞ്ച് മത്സരാർത്ഥികളാണ് തിരഞ്ഞെടുപ്പ് രംഗത്തുള്ളത്. ശ്രീജ ഹരിദാസൻ (സിപിഎം), റംലാ ഗഫൂർ (കോൺഗ്രസ്), ശോഭ രാജൻ (ബിജെപി), റംലാ മുസ്തഫ, റംലാ മുഹമ്മദ് കോയ (സ്വതന്ത്ര സ്ഥാനാർത്ഥി) തുടങ്ങിയവരാണ് മത്സരാർത്ഥികൾ.

വോട്ടെണ്ണൽ 31 രാവിലെ എട്ട് മണിക്ക് ആരംഭിക്കും. വോട്ടെണ്ണൽ നടക്കുന്നത് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ചാണ്.വാർഡിലുള്ളത് 1309 വോട്ടർമാരാണ് . ഇതിൽ 626 പേർ സ്ത്രീ വോട്ടർമാരാണ്. ഉള്ളിയേരി എയുപി സ്ക്കൂളാണ് പോളിങ് സ്റ്റേഷൻ.
ഇത് കൂടാതെ സംസ്ഥാനത്തെ 49 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നാളെ നടക്കുന്നുണ്ട്. വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ ഒരു ജില്ലാ പഞ്ചായത്ത്, നാല് ബ്ലോക്ക് പഞ്ചായത്തുകൾ, ആറ് മുനിസിപ്പാലിറ്റികൾ, 38 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.ആകെ 169 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 76 സ്ഥാനാർത്ഥികൾ വനിതകളാണ്. 211 പോളിങ് ബൂത്തുകളാണ് പോളിങ്ങിനായി സജ്ജീകരിച്ചിരിക്കുന്നത്.