
ഉള്ളിയേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഫാർമസിസ്‌റ്റില്ല
- മരുന്ന് കിട്ടാൻ മണിക്കൂറുകളുടെ കാത്തിരിപ്പ്
ഉള്ളിയേരി:ഉള്ളിയേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഫാർമസിസ്റ്റില്ലാത്തത് കാരണം മരുന്ന് കിട്ടാൻ മണിക്കൂറുകളോളം രോഗികൾ കാത്തിരിക്കുന്നു അവസ്ഥയാണ്.ദിനംപ്രതി മുന്നൂറിലധികം ആളുകൾ എത്തുന്ന ആശുപത്രിയിൽ ആകെ 3 ഫാർമസിസ്റ്റാണ് വേണ്ടത്. ഇതിൽ ഒരാൾ സ്‌ഥിരം നിയമനവും മറ്റു 2 പേർ താൽക്കാലിക നിയമനവുമാണ്.രണ്ടു പേർ ആശുപത്രി വികസന സമിതി നിയമിക്കുന്ന താൽക്കാലികക്കാരാണ് .പ്രശ്നം രൂക്ഷമായത് ഈ രണ്ടു പേരും ജോലി ഒഴിവാക്കി പോയതോടെയാണ് . ഒരാളെ താൽക്കാലികമായി വച്ചിട്ടുണ്ട്. ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങിക്കാൻ നിൽക്കുന്നവർക്ക് യഥാസമയം മരുന്ന് കൊടുക്കാൻ 2 പേർ മതിയാകുന്നില്ല.

വൈകിട്ട് വരെ ഫാർമസിയുടെ മുൻപിൽ നീണ്ട ക്യൂ ഉണ്ടാകാറുണ്ട്. ഉള്ളിയേരി, നടുവണ്ണൂർ, കോട്ടൂർ, അത്തോളി പഞ്ചായത്തുകളിലെ ആളുകൾ ആശ്രയിക്കുന്ന ആശുപത്രി ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിനു കീഴിലാണ്. പ്രശ്‌നം രൂക്ഷമായിട്ടും അധികൃതർ ശ്രദ്ധിക്കുന്നില്ലെന്നു ആക്ഷേപം ശക്തമാണ്.