
എഡിഎം നവീൻ ബാബുവിന്റെ മരണം;പി.പി.ദിവ്യയ്ക്ക് മുൻകൂർ ജാമ്യമില്ല
- തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി
കണ്ണൂർ :കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാവും മുൻ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യയ്ക്ക് മുൻകൂർ ജാമ്യമില്ല. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി കെ.ടി. നിസാർ അഹമ്മദാണ് ഹരജി പരിഗണിച്ചത്.
ദിവ്യ മാത്രമാണ് കേസിലെ പ്രതി. പോലീസ് പി.പി ദിവ്യക്കെതിരെ കേസെടുത്തത് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ്. എഡിഎം നവീൻ ബാബുവിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് യാത്രയയപ്പ് യോഗത്തിലെ പി.പി ദിവ്യയുടെ അധിക്ഷേപങ്ങളാണെന്നാണ് ദിവ്യക്കെതിരായ കേസ്. ദിവ്യക്കെതിരെ ചുമത്തിയ പ്രേരണാകുറ്റം ശരിവെക്കുന്ന മൊഴികളാണ് പോലീസിനും കിട്ടിയിരിക്കുന്നത് .

പി.പി ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്ക് ആരുംതന്നെ ക്ഷണിച്ചിരുന്നില്ല. ഈ കാര്യം സംഘാടകരായ സ്റ്റാഫ് കൗൺസിലും ജില്ലാ കളക്ടറും പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കളക്ടറേറ്റിലെ യോഗത്തിൽ ദിവ്യ എഡിഎമ്മിനെതിരെ ആരോപണമുന്നയിക്കാൻ എത്തിയതായി ആരും കരുതിയിരുന്നില്ല . ആസൂത്രിതമായി എഡിഎമ്മിനെ അപമാനിക്കാൻ ഉന്നമിട്ടാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ കൂടിയായ ദിവ്യ ആ അധികാരം ഉപയോഗിച്ച് എത്തിയതെന്ന് പോലീസ് കണ്ടെത്തി.